തൃശൂർ: സി.പി.എം പ്രവർത്തകനായിരുന്ന മുല്ലശേരി തിരുനെല്ലൂർ സ്വദേശി ഷിഹാബുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകർക്ക് വിവിധ വകുപ്പുകളിലായി ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 40,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പൂവത്തൂർ അയ്യപ്പക്ഷേത്രത്തിന് സമീപം പട്ടാളി നവീൻ (25), തൃത്തല്ലൂർ മണപ്പാട് പണിക്കൻ വീട്ടിൽ പ്രമോദ് (33), പാവറട്ടി ചുക്കുബസാർ കോന്താച്ചൻ വീട്ടിൽ രാഹുൽ (27), പാവറട്ടി ചുക്കുബസാർ മുക്കോല വീട്ടിൽ വൈശാഖ് (31), തിരുനെല്ലൂർ തെക്കേപ്പാട്ടു വീട്ടിൽ സുബിൻ എന്ന കണ്ണൻ (29), പാവറട്ടി വെണ്മേനാട് കോന്താച്ചൻ വീട്ടിൽ ബിജു (37), പൂവത്തൂർ വളപ്പുരയ്ക്കൽ വിജയശങ്കർ എന്ന ശങ്കർ (22) എന്നിവരെയാണ് തൃശൂർ നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.ആർ മധുകുമാർ ശിക്ഷിച്ചത്. സംഭവത്തിൽ നേരിട്ടു പങ്കെടുക്കാത്ത എട്ടു മുതൽ 11 വരെയുള്ള നാലു പ്രതികളെ കോടതി വിട്ടയച്ചു.
എളവള്ളി തൂമാറ്റ് വീട്ടിൽ സുനിൽ കുമാർ, തിരുനെല്ലൂർ കോന്താച്ചൻ വീട്ടിൽ സുരേഷ് കുമാർ, പാവറട്ടി വിളക്കത്തുപടി കളരിക്കൽ ഷിജു, സുൽത്താൻ ബത്തേരി നത്തുംകുനി പനക്കൽ സജീവ് (43) എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികൾക്ക് കാർ വാങ്ങാനും ഒളിവിൽ താമസിക്കാനും മറ്റും സഹായം നൽകി എന്നതായിരുന്നു ഇവർക്കെതിരെ പ്രോസിക്യൂഷൻ ആരോപണം. കൊലപാതകം, ഗൂഢാലോചന, ആയുധമുപയോഗിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിറുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒന്നു മുതൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവിന് പുറമെ പതിനായിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു.
വിവിധ വകുപ്പുകളിലായി നാലു വർഷം തടവും അയ്യായിരം രൂപ പിഴയും ശിക്ഷയാണ് വിധിയിലുള്ളത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. തിരുനെല്ലൂർ മതിലകത്ത് വീട്ടിൽ ഖാദറിന്റെ മകൻ ഷിഹാബുദ്ദീൻ എന്ന ഷിഹാബിനെ (38) ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിടിച്ച് വീഴ്ത്തി ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 മാർച്ച് ഒന്നിന് രാത്രി 7.30നായിരുന്നു സംഭവം.
ഷിഹാബുദ്ദീന്റെ ഇളയ സഹോദരൻ മുജീബ് റഹ്മാനെ 2006 ജനുവരി 20ന് കൊലപ്പെടുത്തിയിരുന്നു. മുജീബ് റഹ്മാന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ആർ.എസ്.എസ് കാര്യവാഹക് തിരുനെല്ലൂർ അറയ്ക്കൽ വിനോദ് 2008 നവംബറിൽ പാടൂരിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീൻ. രാഷ്ട്രീയ പ്രതികാരമായിരുന്നു കൊലപാതകത്തിന് കാരണമെന്നായിരുന്നു പൊലീസ് വാദം. പ്രോസിക്യൂഷനായി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി ബാബു ഹാജരായി. പ്രതികൾക്കായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |