കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ സിനിമാ രീതിയിലുള്ള രക്ഷപെടൽ കേരളത്തിലെ ജയിൽ സംവിധാനത്തെ നാണം കെടുത്തിയെങ്കിലും പുതിയ വിവരങ്ങൾ അനുസരിച്ച്, കണ്ണൂർ സെൻട്രൽ ജയിലിനകത്ത് നടക്കുന്നത് വെറുമൊരു സുരക്ഷാവീഴ്ചയല്ല, മറിച്ച് സംഘടിതമായ കുറ്റകൃത്യങ്ങളുടെ ശൃംഖലയാണെന്നാണ് വ്യക്തമാകുന്നത്. പനങ്കാവ് സ്വദേശിയായ യുവാവ് കഴിഞ്ഞ ഞായറാഴ്ച മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും എറിഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളിൽ നിന്നാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നത്.
ജയിലിനകത്തെ സമാന്തര സമ്പദ്വ്യവസ്ഥ
ജയിലിനകത്ത് പ്രവർത്തിക്കുന്നത് സാധാരണ ജയിൽ നിയമങ്ങളുടെ പരിധിക്കപ്പുറമുള്ള ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയാണ്. ഈ കരിഞ്ചന്തയിലെ വിലനിർണയം പുറം ലോകത്തെക്കാളും ഭീകരമാണ്. 400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപയും, ഒരു കെട്ട് സാധാരണ ബീഡിക്ക് 200 രൂപയും, കഞ്ചാവ് ബീഡിക്ക് 500 രൂപയും വരെ വില! ലഹരി വസ്തുക്കളുടെ വിൽപന നിയന്ത്രിക്കുന്നത് കൊലക്കേസുകളിൽ പ്രതികളായ തടവുകാരും രാഷ്ട്രീയ ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ടവരും ചേർന്നുള്ള സംഘങ്ങളാണെന്ന് അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. ഈ അവസ്ഥയിൽ ജയിൽ അധികാരികൾ വെറുമൊരു കാഴ്ചക്കാരായി മാറിയിരിക്കുന്നു എന്നതാണ് കൂടുതൽ ആശങ്കാജനകം.
മതിലുകൾക്കു മുകളിലൂടെയുള്ള സിഗ്നൽ സംവിധാനം
പുറത്തുനിന്ന് ജയിലിനകത്തേക്കുള്ള വിതരണ സംവിധാനം അതീവ സംഘടിതമാണ്. പുറത്തുള്ള സഹായികൾ ആവശ്യമായ വസ്തുക്കൾ ദേശീയപാതയോട് ചേർന്നുള്ള ജയിൽ മതിലിന് സമീപത്തുനിന്ന് എറിഞ്ഞുകൊടുക്കുന്നു. ആദ്യം കല്ലെറിഞ്ഞുകൊണ്ട് സിഗ്നൽ നൽകും, തുടർന്ന് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും മതിലിനു മുകളിലൂടെ എറിഞ്ഞുകൊടുക്കും.
ഈ സേവനത്തിന് പുറത്തുള്ളവർക്ക് 1000 മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിക്കുന്നു. വിതരണം പൂർത്തിയായാൽ ഗൂഗിൾ പേയിലൂടെ പണം അയച്ചുകൊടുക്കും. ഈ സംവിധാനം എത്രമാത്രം വികസിതമാണെന്ന് ഇതിൽ നിന്നും മനസിലാകും.
ജയിലിനകത്തെ സി.സി ടി.വി നിരീക്ഷണത്തെ കളിയാക്കാനുള്ള രീതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. തടവുകാർ അലക്കിയ വസ്ത്രങ്ങൾ ഉണങ്ങാൻ തൂക്കിയിടുന്നതിന്റെ വ്യാജേന ക്യാമറകൾ മറയ്ക്കുന്നു. ഈ സമയത്താണ് സ്‌പെഷ്യൽ വിഭവങ്ങളുടെ പാചകവും ലഹരിവസ്തുക്കളുടെ വിതരണവും നടക്കുന്നത്. വിവിധ ബ്ലോക്കുകളിലെ സെല്ലുകളിലും ജയിൽ വളപ്പിലെ ഒഴിഞ്ഞ സ്ഥലങ്ങളിലുമായാണ് ഈ സമാന്തര പാചകശാലകൾ പ്രവർത്തിക്കുന്നത്. മരച്ചില്ലകൾ ഉപയോഗിച്ച് അടുപ്പുകൂട്ടി രഹസ്യമായി പാചകം നടത്തുന്നു.
ഉദ്യോഗസ്ഥരുടെ പങ്ക്: മൗനാനുവാദം
ആശങ്കാജനകമായ കാര്യം ജയിൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമാണ്. ഇത്രയും വിപുലമായ കരിഞ്ചന്ത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ നടക്കുന്നത് അസാദ്ധ്യ മാണ്. പല ഉദ്യോഗസ്ഥരും രാഷ്ട്രീയ തടവുകാരുടെ നിർദേശങ്ങൾ പാലിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും വിമർശനമുണ്ട്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയെപ്പോലുള്ള പ്രതികൾ ജയിലിൽ നിന്നുകൊണ്ടുതന്നെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ജയിൽ സംവിധാനത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു.
ജയിലിനകത്ത് രാഷ്ട്രീയ ബന്ധമുള്ള തടവുകാർക്ക് പ്രത്യേക പരിഗണനയുണ്ടെന്ന് മുൻ തടവുകാർ വെളിപ്പെടുത്തുന്നു. സാധാരണ ഭക്ഷണത്തിനുപുറമെ അവർക്കായി പ്രത്യേക വിഭവങ്ങൾ പാകം ചെയ്യുന്നു. ജയിൽ നിയമങ്ങളുടെ കർശന പാലനത്തിനപേക്ഷ ഈ പ്രത്യേക വിഭാഗത്തിന്റെ സുഖസൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ആരോപണമുണ്ട്.
മൊബൈൽ ഫോൺ വ്യാപകം
തടവുകാരുടെ കൈയിൽ ദീർഘനേരം ചാർജ് നിലനിൽക്കുന്ന കീപാഡ് മൊബൈൽ ഫോണുകളുണ്ട്. ഇവരുടെ പുറംലോകവുമായുള്ള ബന്ധം തുടരുന്നതിനും, ആവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്യുന്നതിനും ഇത് ഉപയോഗിക്കുന്നു. സമീപകാലത്ത് മാത്രം മൂന്ന് ആഴ്ചയ്ക്കുള്ളിൽ അനേകം മൊബൈൽ ഫോണുകൾ ജയിലിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇ ഡിവിഷനിലെ 12ാം നമ്പർ സെല്ലിന്റെ ഭിത്തിയിൽ നിന്ന്, ന്യൂ ബ്ലോക്കിലെ കല്ലിനടിയിൽ നിന്ന്, കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിൽ നിന്നും ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടലിനുശേഷം റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ച് അന്വേഷണം നടത്തി. ഈ റിപ്പോർട്ട് അനുസരിച്ച് സംവിധാനങ്ങളിൽ മുഴുവനായും മാറ്റം വരത്തേണ്ടതുണ്ടെന്നാണ് നിഗമനം. എന്നിട്ടും ഈ അന്വേഷണത്തിനുശേഷവും അതേ രീതിയിലുള്ള പ്രവർത്തനങ്ങൾ തുടരുന്നുവെന്നത് സംവിധാനത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു.
നിസംഗതയോടെ
ഇത്രയും വിപുലമായ നിയമലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും ജയിൽ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സമീപനം നിസംഗമാണ്. ജയിൽ സംവിധാനത്തിലെ അഴിമതി കേവലം ചില വ്യക്തികളുടെ പിഴവല്ല, മറിച്ച് സംവിധാനത്തിൽ നിന്നുതന്നെ ഉടലെടുക്കുന്ന വിഷയമാണ്. ഇതിനുള്ള പരിഹാരം വ്യാപകമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ സാദ്ധ്യമാകൂ. കണ്ണൂർ സെൻട്രൽ ജയിലിലെ അവസ്ഥ കേരളത്തിലെ മൊത്തം ജയിൽ സംവിധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. തടവുകാർ ജയിലിനകത്ത് തങ്ങളുടെ കുറ്റകൃത്യങ്ങൾ തുടരാൻ കഴിയുന്ന അവസ്ഥയിൽ പുനരധിവാസത്തിന്റെ ലക്ഷ്യം പരാജയപ്പെടുകയാണ്.
സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിൽ നിന്നും തടവുകാരെ തടയുന്ന രീതികളും, ഉദ്യോഗസ്ഥരുടെ സമഗ്രതാ പരിശോധനയും, രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കലും ഉൾക്കൊള്ളുന്ന പുതിയ ജയിൽ നയം ആവശ്യമാണ്. അല്ലാത്തപക്ഷം ജയിലുകൾ കുറ്റവാളികളുടെ സുരക്ഷിത താവളമായി മാറുന്ന സ്ഥിതിവിശേഷത്തിന് സമൂഹം സാക്ഷിയാകേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |