പത്തനംതിട്ട: റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനെ അടൂർ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. പളളിക്കൽ സ്വദേശി ബാബുവാണ് (62) പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സബ് ഇൻസ്‌പെക്ടറായിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നീതി കിട്ടുന്നില്ലെന്ന് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു.
നാട്ടിൽ തന്നെയുള്ള മറ്റൊരു വ്യക്തിയുമായി സാമ്പത്തിക ഇടപാടിൽ തർക്കം ഉണ്ടായിരുന്നു. അടൂർ പൊലീസ് സ്റ്റേഷനിൽ മെയ് 27-ാം തീയതി സിഐയുടെ മദ്ധ്യസ്ഥതയിൽ ഒത്തുതീർപ്പായി. തുടർന്ന് പരാതികൾ ഒന്നുമില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ട് സിഐ സ്റ്റേഷനിൽ നിന്ന് പുറത്തേക്കുപോയി. ഈ സമയം സ്റ്റേഷനിലേക്ക് കയറിവന്ന എസ്ഐ അനൂപ് ചന്ദ്രൻ ഒരു കാരണവുമില്ലാതെ അസഭ്യം പറഞ്ഞശേഷം മർദ്ദിച്ചെന്നാണ് വയോധികന്റെ പരാതി.
അസുഖ ബാധിതനാണെന്നും ഉപദ്രവിക്കരുതെന്നും സ്റ്റേഷന് പുറത്തുനിന്ന് ബാബുവിന്റെ ഭാര്യ കരഞ്ഞു പറഞ്ഞിരുന്നു. എന്നാൽ ഭാര്യയെയും എസ്ഐ അസഭ്യം പറഞ്ഞെെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ബാബു പറഞ്ഞു. എസ്ഐ ബൂട്ടിട്ട് കാലിൽ തൊഴിച്ചെന്നും കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞെന്നും വയോധികൻ കൂട്ടിച്ചേർത്തു. ദളിത് സംഘടനാ പ്രവർത്തകർ കൂടിയാണ് ബാബുവും ഭാര്യയും. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും എസ്ഐക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ബാബുവിന്റെ ആക്ഷേപം.
മുഖ്യമന്ത്രിയെ കൂടാതെ നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്കും പട്ടികജാതി പട്ടിവർഗ കമ്മീഷനും ബാബു പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതോടെ അനൂപ് ചന്ദ്രനെ സ്റ്റേഷനിൽ നിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് മാറ്റിയിരുന്നു. അല്ലാതെ മറ്റൊരു നടപടിയും ഇതുവരെയായിട്ടും പൊലീസ് എടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടികവർഗ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് ചോദിച്ചിരുന്നു. അതും നൽകിയിട്ടില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |