മീററ്റ്: കടമായി മദ്യം ചോദിച്ചിട്ട് കൊടുക്കാത്തതിന് ഔട്ട്‌ലെറ്റിന് തീയിട്ട ഹോം ഗാര്‍ഡ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡയല്‍ 112ല്‍ ജോലി ചെയ്യുന്ന കപില്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച സെപ്റ്റംബര്‍ ആറിനാണ് സംഭവം. പ്രദേശത്തെ പ്രാദേശിക മദ്യശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന കപില്‍, കടയുടമയോട് കടമായി മദ്യം ആവശ്യപ്പെട്ടു. എന്നാല്‍, മുമ്പ് വാങ്ങിയ കടം വീട്ടാത്തതിനാല്‍ കടയുടമ ഇത് നിരസിച്ചു. ഇതില്‍ പ്രകോപിതനായ കപില്‍ കടയുടമയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും പിന്നീട് കടയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കടയുടമ ആവശ്യപ്പെടുകയും ചെയ്തു.
കടയുടമ തന്നോട് പെരുമാറിയ രീതിയില്‍ ദേഷ്യം തോന്നിയ കപില്‍ ഇറങ്ങിപ്പോയി. എന്നാല്‍ അല്‍പ്പനേരത്തിന് ശേഷം ഒരു കുപ്പി പെട്രോളുമായി മടങ്ങിയെത്തിയ ഇയാള്‍ കടയ്ക്ക് തീയിടുകയായിരുന്നു. തീ ആളിപ്പടര്‍ന്നതിന് പിന്നാലെ ഇയാള്‍ ബൈക്കില്‍ കയറി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട സമീപവാസികളും ജീവനക്കാരും ഉടന്‍ ഓടിയെത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
സംഭവത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കടയുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹോം ഗാര്‍ഡായ കപില്‍ കുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിന് പിന്നാലെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഡയല്‍-112 പോലുള്ള പൊതുസേവനങ്ങളില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ ഇത്തരം ഗുരുതരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും, ഇയാള്‍ക്കെതിരെ അന്വേഷണവും അച്ചടക്ക നടപടിയും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |