
കൊച്ചി: ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിക്ക് അനുവദിച്ച സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് എ. രാജ എം.എൽ.എ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതിയെ സമീപിക്കാൻ പത്തു ദിവസത്തെ സ്റ്റേയാണ് സിംഗിൾബെഞ്ച് അനുവദിച്ചിരുന്നത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും പരിഗണനയ്ക്കു വന്നിട്ടില്ല. അപ്പീലിലെ പിഴവായിരുന്നു തടസം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റേ 20 ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് രാജ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ ഹർജി പരിഗണിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി ജസ്റ്റിസ് പി. സോമരാജൻ ഹർജി തള്ളുകയായിരുന്നു.
ഇതോടെ രാജയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയുടെ സ്റ്റേ നീങ്ങി അയോഗ്യത വീണ്ടും പ്രാബല്യത്തിൽ വന്നു. നിയമസഭാംഗമെന്ന നിലയിൽ വോട്ടിംഗിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ പാടില്ലെന്ന് സ്റ്റേ അനുവദിച്ച ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്ത ദേവികുളം മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |