
അഹമ്മദാബാദ്: അവസാന പന്ത് വരെ ആവേശവും ആശങ്കയും നിറഞ്ഞ മത്സരത്തിൽ പൊരുതി വിജയം നേടിയെടുത്ത് കേരളം. വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ നിശ്‌ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് 343 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം മാച്ചിന്റെ അവസാന പന്തിൽ ഏദൻ ആപ്പിൾ ടോമിന്റെ കിടിലൻ സിക്‌സറിലൂടെ രണ്ട് വിക്കറ്റ് വിജയം പൊരുതി നേടിയെടുക്കുകയായിരുന്നു.
ഒരു വിക്കറ്റ് നേടുകയും സെഞ്ച്വറി നേടുകയും ചെയ്‌ത ബാബ അപരാജിതാണ് പ്ളെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാനായി ഓപ്പണർമാർ ആദിത്യ റാഥോർ (25), രാം ചൗഹാൻ (15) എന്നിവർ അധികം വൈകാതെ മടങ്ങി. വൺ ഡൗണായെത്തിയ കരൺ ലാംബ 131 പന്തിൽ 119 റൺസ് നേടി. മുൻ ഇന്ത്യൻ താരം ദീപക് ഹുഡ അർദ്ധ സെഞ്ച്വറിയും നേടി (83 പന്തിൽ 86) ആറ് സിക്‌സറുകളും മൂന്ന് ഫോറുകളും അടങ്ങിയതായിരുന്നു ഹുഡയുടെ ഇന്നിംഗ്‌സ് കരണാകട്ടെ ആറ് ഫോറുകളും നാല് സിക്‌സറുകളുമാണ് നേടിയത്. മറ്റാർക്കും അർദ്ധസെഞ്ച്വറി നേടാനായില്ല. കേരളത്തിനായി ഷറഫുദ്ദീൻ 55 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. ബാബ അപരാജിതിന് പുറമേ ഏദൻ ആപ്പിൾ ടോം, എം ഡി നിധീഷ്, അങ്കിത് ശർമ്മ എന്നിവരും ഒരോ വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിൽ നായകൻ രോഹൻ കുന്നുമ്മലിനെ നേരിട്ട ആദ്യ പന്തിൽ തന്നെ കേരളത്തിന് നഷ്‌ടമായി.എന്നാൽ പിന്നീട് ഓപ്പണർ കൃഷ്‌ണപ്രസാദും ബാബ അപരാജിതും ചേർന്ന് കേരളത്തെ മുന്നോട്ട് നയിച്ചു. സ്‌കോർ 155ൽ നിൽക്കെ കൃഷ്‌ണപ്രസാദിനെ (53) കേരളത്തിന് നഷ്‌ടമായി. എന്നാൽ വിഷ്‌ണുവിനോദിനെ (28) ചേർത്ത് ബാബ അപരാജിത് പോരാട്ടം തുടർന്നു.അസറുദ്ദീൻ (28), ഷറഫുദ്ദീൻ (11), സൽമാൻ നിസാർ (18), അങ്കിത് ശർമ്മ (27) എന്നിവർ പൊരുതി നോക്കി. എന്നാൽ ഏദൻ ആപ്പിൾ ടോമിന്റെ അവസരോചിത ഇന്നിംഗ്‌സാണ് വിജയം നേടാൻ ഇടയായത്. 18 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുമായി ഏദൻ പുറത്താകാതെ നേടിയത് 40 റൺസാണ്. എം ഡി നിധീഷ് ഏദനൊപ്പം രണ്ട് റൺസ് നേടി പുറത്താകാതെ നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |