
കോഴിക്കോട്: വടകര ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിഷ്‌ണുവിന് ലോൺ ആപ്പിൽ നിന്നും ഭീഷണിയുണ്ടായിരുന്നെന്ന് കാട്ടി കുടുംബം ഇന്നലെ സൈബർ പൊലീസിൽ പരാതി നൽകി. ഇത് സാധൂകരിക്കുന്ന തെളിവുകളും കുടുംബം പൊലീസിന് കൈമാറി.
വിഷ്‌ണുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 10000 രൂപയാണ് ലോൺ ആപ് വഴി വിഷ്‌ണു വായ്‌പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്‌ത ചിത്രങ്ങളടക്കം കാണിച്ച് ലോൺ ആപുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയതായും കാണാതാകുന്നതിന് തൊട്ടുമുൻപ് വന്ന ഫോൺകോളുകളിൽ വിഷ്‌ണു അസ്വസ്ഥനായിരുന്നെന്നുമാണ് കുടുംബത്തിന്റെ പരാതി.
ഏഴുദിവസം മുൻപ് ബാങ്കിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വിഷ്‌ണു വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ വടകര പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കാസർകോടാണ് വിഷ്‌ണുവിന്റെ അവസാന ടവർ ലൊക്കേഷൻ. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |