
കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റിൽ റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയ്‌നാച്ചി പറമ്പ സ്വദേശി വേണുഗോപാലന്റെ മകൻ ശിവാനന്ദനാണ് (20) മരിച്ചത്. മംഗളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്ന തിരുനെൽവേലി ജാംനഗർ എക്‌സ്‌പ്രസാണ് യുവാവിനെ ഇടിച്ചതെന്നാണ് സൂചന. ഇന്നലെ രാത്രി പത്തുമണിയോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
ബേക്കൽ ബീച്ച് ഫെസ്റ്റിൽ ഇന്നലെ രാത്രി എട്ടിനാണ് വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി നടന്ന ബീച്ച് പാർക്കിലേയ്ക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അനധികൃതമായി കയറാൻ സാധിക്കുന്ന വഴികൾ റെയിൽവേ അടച്ചിരുന്നു. ഇത് മറികടന്ന് പാർക്കിലേയ്ക്ക് കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ട്രെയിൻ തട്ടി മറ്റൊരാൾക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ഒന്നര മണിക്കൂർ വൈകിയാണ് സംഗീത പരിപാടി ആരംഭിച്ചത്. ഇതിനിടെ നിരവധി പേർ പരിപാടി നടക്കുന്നയിടത്ത് എത്തിയിരുന്നു. ടിക്കറ്റെടുക്കാത്തവരും പരിപാടിയിലേക്ക് കയറിയെന്നാണ് സംഘാടകരിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതീക്ഷിച്ചതിലും വൻ ജനക്കൂട്ടമെത്തിയതോടെ വലിയ തിക്കും തിരക്കുമാണ് ഉണ്ടായത്. വേദിയുടെ മുന്നിലേക്ക് കയറാനുള്ള ശ്രമവും സംഘർഷം വർദ്ധിപ്പിച്ചു. കുട്ടികളുൾപ്പെടെ നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |