
തിരുവനന്തപുരം: തലസ്ഥാന കോർപറേഷനിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ ശ്രീലേഖയുടെ വോട്ട് അസാധുവായി. സാങ്കേതിക പിഴവ് വന്നതാണ് വോട്ട് അസാധുവാകാൻ കാരണം. നഗരസൂത്രണ കമ്മിറ്റിയിലേക്ക് നടന്ന വോട്ടെടുപ്പിൽ ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടേണ്ട സ്ഥാനത്ത് ശ്രീലേഖ ഒപ്പിട്ടിരുന്നില്ല. ഇതാണ് വോട്ട് അസാധുവാകാൻ ഇടയാക്കിയത്.
എട്ട് സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് തിരഞ്ഞെടുപ്പാണ് ഉണ്ടായിരുന്നത്. ഇതിൽ ശ്രീലേഖ കൂടി അംഗമായ നഗരാസൂത്രണ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാകുകയായിരുന്നു. മൂന്ന് സമിതികളിലേ ക്വാറം തികഞ്ഞിരുന്നുള്ളൂ. അഞ്ച് സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്‌ചയാണ് ഉണ്ടാകുക. ധനകാര്യം, വികസനം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ-കായിക സ്ഥിരംസമിതി തിരഞ്ഞെടുപ്പാകും അന്നേദിവസം നടക്കുക.
ക്ഷേമകാര്യ സമിതിയിൽ ബിജെപി അംഗങ്ങളാണ് ഭൂരിപക്ഷം അതിനാൽ വെള്ളാർ വാർഡ് കൗൺസിലർ വി സത്യവതി, നഗരാസൂത്രണ സമിതിയിൽ സ്വതന്ത്രൻ എം രാധാകൃഷ്‌ണൻ, നികുതി അപ്പീൽ സമിതിയിൽ നെടുങ്കാട് കൗൺസിലർ ആർ സി ബീന എന്നിവർ അദ്ധ്യക്ഷരാകുമെന്നാണ് സൂചന. ഇന്ന് ശ്രീലേഖയ്‌ക്ക് പുറമേ സിപിഎമ്മിന്റെ ആർ പി ശിവജിയുടെ വോട്ടും അസാധുവായിരുന്നു. നികുതി-അപ്പീൽ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ശിവജിയുടെ വോട്ട് അസാധുവായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |