
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശിൽപങ്ങളുടെ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ വിജിലൻസ് കോടതിയും ഹൈക്കോടതിയും പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധിയും കോടതി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പത്മകുമാർ പൂർണമായും നിഷേധിച്ചിരുന്നു. ശബരിമലയിൽ ജീവനക്കാരെ നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നതെന്നും കൂട്ടമായി അല്ലാതെ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് പത്മകുമാർ ഹർജിയിൽ പറഞ്ഞത്.
സ്വർണം പൂശിയ ശബരിമല ശ്രീകോവിലിലെ വാതിൽപ്പാളികൾ ചെമ്പാണെന്ന് എഴുതിചേർത്ത പത്മകുമാർ നടത്തിയത് ഗുരുതര കൃത്യവിലോപമാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. 2019ൽ വാതിൽപ്പാളികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് എക്സിക്യുട്ടീവ് ഓഫീസർ നൽകിയ ശുപാർശയിൽ, 'മുമ്പ് സ്വർണം പൂശിയിട്ടുള്ള" എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബോർഡ് യോഗം ചേർന്നപ്പോൾ തയ്യാറാക്കിയ കുറിപ്പിൽ 'പിത്തളയിൽ' എന്ന വാക്കുവെട്ടിയ പത്മകുമാർ 'ചെമ്പുപാളികൾ' എന്ന് എഴുതിച്ചേർത്തു. സ്വർണം പൊതിഞ്ഞവയാണെന്ന് അറിവുണ്ടായിട്ടും അത് എഴുതിയില്ല. പത്മകുമാറിന്റെ ജാമ്യഹർജിയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ശശിധരൻ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പരാമർശം. ഉന്നത സ്വാധീനമുള്ള പത്മകുമാറിന് ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |