
പാലക്കാട്: വിവാദപരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസയച്ച് ജമാഅത്തെ ഇസ്‌ലാമി. എ കെ ബാലൻ പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ് സാഹിഹ് ആവശ്യപ്പെടുന്നു. ഒരാഴ്‌ചയ്ക്കകം പ്രസ്‌താവന പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ, സിവിൽ കേസുകൾ നൽകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
'യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ ഒന്നും രണ്ടും മാറാടൊന്നുമല്ല ഉണ്ടാവുക. അതിനുപറ്റിയ സമീപനമാണ് ലീഗും ആർഎസ്‌എസും സ്വീകരിക്കുന്നത്'- എന്നായിരുന്നു എ കെ ബാലന്റെ പരാമർശം. പാലക്കാട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു പരാമർശം.
ബാലന്റെ പരാമർശത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചു. 'എ കെ ബാലന്‍ നടത്തിയ പ്രസ്താവന ഇന്ത്യയില്‍ സംഘപരിവാര്‍ നടത്തുന്ന തീവ്രലൈനിന് സമാനമായ ക്യാമ്പെയിനാണ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‌ലാമിയായിരിക്കും എന്നത് സംഘപരിവാര്‍ അജണ്ട ഇന്ത്യയില്‍ എല്ലായിടത്തും നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രചരണമാണ്. ഗുജറാത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകും എന്ന പ്രചരണമാണ് സിപിഎം നടത്തിയത്. മുസ്ലീംവിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയിലുണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിനുവേണ്ടിയുള്ള അതേ സംഘപരിവാര്‍ തന്ത്രമാണ് എ കെ ബാലനും നടത്തിയത്'- എന്നായിരുന്നു വി ഡി സതീശൻ വിമർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |