
കൊല്ലം: ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകനും രാഷ്ട്രീയത്തിലേക്കിറങ്ങുന്നു?. ഇരവിപുരം മണ്ഡലത്തിൽ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കാനുള്ള നീക്കം പാർട്ടിതലത്തിൽ സജീവമാണ് എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നുവെന്നും സൂചനയുണ്ട്. കൊല്ലം ടികെഎം എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് കാർത്തിക് പ്രേമചന്ദ്രൻ. എന്നാൽ അദ്ദേഹം മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നും അറിയുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർഎസ്‌പി നേതാവും മുൻ മന്ത്രിയുമായ ടി കെ ദിവാകരന്റെ മകൻ ബാബു ദിവാകരനായിരുന്നു ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി
പാർട്ടി ഒറ്റക്കെട്ടായാണ് കാർത്തികിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ അദ്ദേഹം മത്സരിക്കാൻ തയ്യാറായേക്കും. പാർട്ടി തീരുമാനമാണ് വലുതെന്നും മകനുവേണ്ടി വാദിക്കില്ലെന്നുമുള്ള നിലപാടിലാണ് എൻകെ പ്രേമചന്ദ്രൻ.
മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമായി കെട്ടിയിറക്കപ്പെട്ടവൻ എന്ന ആരോപണം കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കുമ്പോൾ ഉണ്ടാകില്ലെന്നാണ് പാർട്ടിയിലെയും യുഡിഎഫിലെയും ഒരുവിഭാഗം കരുതുന്നത്. മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും പ്രേമചന്ദ്രന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ചത് കാർത്തിക്കായിരുന്നു. ഷിബു ബേബിജോണിനുവേണ്ടി ചവറയിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കാർത്തിക് സജീവമായിരുന്നു. ഇതിലൂടെ പ്രേമചന്ദ്രന്റെ മകനെന്ന നിലയിലല്ലാതെ ജില്ലയിലാകെ കാർത്തിക് അറിയപ്പെട്ടുകഴിഞ്ഞു എന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൈവിട്ടുപോയ മണ്ഡലം കാർത്തികിലൂടെ തിരിച്ചുപിടിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
എന്നാൽ, കാർത്തികിനെ മത്സരിപ്പിക്കുന്നത് ആർഎസ്‌പിയിൽ മക്കൾ രാഷ്ട്രീയം മാത്രമാണ് നിലനിൽക്കുന്നത് എന്ന ആരോപണം ശക്തിപ്പെടാൻ മാത്രമേ ഉതകൂ എന്നാണ് മറുഭാഗം ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള മറ്റ് നേതാക്കളെ പരിഗണിക്കണം എന്നാണ് അവർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |