
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.ടി ഇനി ആരിലേക്കെന്നതിൽ ആകാംക്ഷ. മുൻ മന്ത്രിയുടെ പേരുവരെ എ.പത്മകുമാർ വെളിപ്പെടുത്തിയ സ്ഥിതിക്ക് രാഷ്ട്രീയ ഉന്നതരും കുടുങ്ങുമോ എന്നാണ് അറിയേണ്ടത്.
ശ്രീകോവിലിന്റെ കട്ടിള കൊണ്ടുപോകാൻ അന്നത്തെ ദേവസ്വം മന്ത്രിക്ക് പോറ്റി നൽകിയ അപേക്ഷയാണ് ബോർഡിലെത്തിയതെന്നാണ് മൊഴി. അതിൽ എക്സിക്യുട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മിഷണറുടെയുമടക്കം അരഡസനിലേറെ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടായി. കമ്മിഷണറായിരുന്ന എൻ.വാസുവിന്റെ ശുപാർശയോടെയാണ് ഫയൽ ബോർഡിലെത്തിയത്. ചെമ്പുപാളികൾ സ്വർണം പൂശാൻ പോറ്റിക്ക് കൊടുത്തുവിടാനായിരുന്നു ശുപാർശ. അത് അതേപടി ബോർഡ് അംഗീകരിക്കുകയായിരുന്നു.
അതേസമയം, ബോർഡിന്റെ തീരുമാനങ്ങൾ സർക്കാരിന്റെ അറിവോടെയല്ലെന്നാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്.
താൻ പ്രസിഡന്റായിരിക്കെ ഒരു തരി പൊന്നുപോലും പോയിട്ടില്ലെന്നാണ് ഇതുവരെ പത്മകുമാർ പറഞ്ഞിരുന്നത്. തനിക്ക് ലഭിച്ചത് ചെമ്പ് തകിടാണെന്നായിരുന്നു പോറ്റിയുടെയും ആദ്യമൊഴി. സ്വർണം പൂശാനെത്തിച്ചത് ചെമ്പുതകിടാണെന്നായിരുന്നു ചെന്നൈയിലെ സ്മാർട്ട്ക്രിയേഷൻസിന്റെയും ആദ്യമൊഴി. പറഞ്ഞുപഠിപ്പിച്ചതു പോലെയുള്ള ഈ മൊഴികൾ ഗൂഢാലോചനയുടെ തെളിവാണെന്നാണ് എസ്.ഐ.ടി പറയുന്നത്.
അതേസമയം, താൻ ദൈവതുല്യമായി കാണുന്നവരാണ് സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന് നേരത്തേ പത്മകുമാർ വെളിപ്പെടുത്തിയിരുന്നു. തന്ത്രിയെയും സംശയത്തിലാക്കുന്നതാണ് ഈ പരാമർശം. തന്ത്രിയുടെ പങ്ക് നേരത്തേ ദേവസ്വം വിജിലൻസ് അന്വേഷിച്ചിരുന്നതാണ്. സ്വർണപ്പാളികൾ സംബന്ധിച്ച മഹസറിൽ തന്ത്രിയുടെ പേരുണ്ടായിരുന്നു. എന്നാൽ തന്ത്രി ഒപ്പിട്ടില്ലെങ്കിലും പേര് എഴുതിച്ചേർത്തതാണെന്ന് കണ്ടെത്തി. മുരാരിബാബുവടക്കം 7 പേരാണ് മഹസറിലൊപ്പിട്ടത്. പാളികൾ കൊണ്ടുപോവുന്നതിൽ തന്ത്രി തടസവാദമുന്നയിച്ചതായും സൂചനയുണ്ട്. വിജയ്‌മല്യ സ്വർണം പൊതിഞ്ഞത് വ്യക്തമായി അറിയാവുന്ന തന്ത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. തന്ത്രിക്ക് ബംഗളൂരുവിലെ ചില ക്ഷേത്രങ്ങളുമായുള്ള ബന്ധവും അന്വേഷണപരിധിയിലാണ്.
ഇനി വാതിൽ
ശ്രീകോവിലിന്റെ വാതിൽ സ്വർണംപൂശിയതിലെ തട്ടിപ്പാണ് ഇനി പുറത്തുവരാനുള്ളത്. 1998ൽ രണ്ടരകിലോയിലേറെ സ്വർണമുപയോഗിച്ചാണ് ശ്രീകോവിൽ വാതിൽ പൊതിഞ്ഞിരുന്നത്. തിളക്കം മങ്ങിയെന്നും എലി കയറുന്നെന്നും കാരണമുണ്ടാക്കി 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി ഇത് മാറ്റി പുതിയത് നൽകി. ഇതിൽ 40 പവൻ മാത്രം പൂശിയതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |