
തിരുവനന്തപുരം: ഒരേ ദൂരം ഒരേ ബസ്. പക്ഷെ, ഡ്രൈവർ മാറുമ്പോൾ മൈലേജിൽ വ്യത്യാസം. ഡ്രൈവിംഗ് രീതിയിലെ വ്യത്യാസം കാരണമുണ്ടാകുന്ന അമിത ഡീസൽ ചെലവ് കുറയ്ക്കാൻ 'വൺ ലിറ്റർ ഡീസൽ ചലഞ്ച്" പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. കൂടുതൽ ഡീസൽ ചെലവുണ്ടാക്കുന്ന ഡ്രൈവർമാരെ കണ്ടെത്തി പരിശീലനം നൽകി ശരിയാക്കാനാണ് തീരുമാനം. ഡീസൽ കുറച്ച് ചെലവാക്കുന്ന ഡ്രൈവർമാർക്ക് പാരിതോഷികവും നൽകും.
ദിവസം ഒരു ലിറ്റർ ഡീസൽ ലാഭിക്കണമെന്നാണ് മാനേജ്മെന്റ് നിർദ്ദേശം. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക കാര്യക്ഷമത ഉറപ്പാക്കുകയാണ് ലക്ഷ്യം.
100 കിലോമീറ്റർ സർവീസ് നടത്തുന്ന ബസ് ഒരു ഡ്രൈവർ ഓടിക്കുമ്പോൾ 18 മുതൽ 20 വരെ ലിറ്റർ ഡീസൽ ചെലവാകുന്നു. അതേ ബസ് മറ്റൊരു ഡ്രൈവർ ഓടിക്കുമ്പോൾ 22 മുതൽ 24 വരെ ലിറ്റർ ഡീസൽ ചെലവാകുന്നതായി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഡീസൽ ചെലവ് 4 കോടി വരെ
കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ഡീസൽ ചെലവ് 3.5 കോടി മുതൽ 4 കോടി വരെയാണ്. ആദ്യ ദിവസങ്ങളിൽ 10 ലക്ഷത്തിലേക്കും ക്രമേണ 25, 50 ലക്ഷം രൂപയുടെ കുറവിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പ്രതിമാസ ഡീസൽ ഉപഭോഗം 100 കോടി രൂപയിൽ താഴെ നിറുത്താനാകും.
ലക്ഷ്യത്തിലേക്ക് എത്താൻ
4 കി. മീറ്ററിന് താഴെയുള്ള പ്രതിദിന മൈലേജ് 4.20 ആക്കി ഉയർത്തണം
എൻജിൻ, ഇന്ധന സംവിധാനങ്ങൾ എന്നിവയുടെ കൃത്യമായ പരിപാലനം ഉറപ്പാക്കും
ബസുകൾ, ഷെഡ്യൂളുകൾ, ഡ്രൈവർമാർ എന്നിവരുടെ കെ.എം.പി.എൽ (കിലോമീറ്റർ/ ലിറ്റർ)ഡാറ്റാ നിരീക്ഷണം നടത്തും
പ്രത്യേക ഇന്ധനക്ഷമതാ പരിശീലന പരിപാടികൾ സംഘടിപ്പിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |