കൊച്ചി: ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയ യുവാവ് അമിതവേഗതയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് 14 ഇരുചക്രവാഹനങ്ങൾ തകർത്തു. ഡ്യൂക്ക് ബൈക്കും ആറ് സ്കൂട്ടറുകളും പൂർണമായും തകർന്നു. ബാക്കിയുള്ള ഏഴ് ഇരുചക്രവാഹനങ്ങൾക്കും കേടുപാടുണ്ട്. ഡ്രൈവർ ലഹരി ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് രക്തസാമ്പിൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
റിയൽ എസ്റ്റേറ്റുകാരനായ കൊല്ലം അഞ്ചൽ സനൽഭവനത്തിൽ മഹേഷ് (32) ഓടിച്ച കാറാണ് കുണ്ടന്നൂർ ഫ്ലൈഓവറിന് സമീപം അലി കഫേയുടെ പാർക്കിംഗ് സ്ഥലത്തേയ്ക്ക് ഇടിച്ചുകയറിയത്.
വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. വൈറ്റില ഭാഗത്ത് നിന്ന് വന്ന കാറിൽ മഹേഷിന്റെ സഹോദരിയും സുഹൃത്തായ യുവതിയുമാണുണ്ടായിരുന്നത്. ബൈപ്പാസ് റോഡിൽ മരണപ്പാച്ചിൽ നടത്തിയ വാഹനം കഫേയ്ക്ക് സമീപം എത്തിയപ്പോൾ റോഡിൽ നിന്ന് 10 മീറ്ററോളം നീങ്ങി കഫേയിലേക്ക് നിയന്ത്രണം വിട്ട് കയറുകയായിരുന്നു. ബൈക്ക് പാർക്ക് ചെയ്ത ശേഷം ഭക്ഷണശാലയിലേക്ക് കയറുകയായിരുന്ന വൈക്കം ചെമ്പ് സ്വദേശി അസിം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബൈക്ക് പൂർണമായി തകർന്നു. മറ്റ് സ്കൂട്ടറുകളിലും ബൈക്കുകളിലും ഇടിച്ചു നിന്ന കാറിന്റെ മുൻഭാഗം തകർന്നു.
ഹോട്ടലിലുണ്ടായിരുന്നവർ മഹേഷിനെ തടഞ്ഞു നിറുത്തി മരട് പൊലീസിന് കൈമാറി. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. പരിശോധനാ ഫലം വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചേർത്തേക്കുമെന്ന് മരട് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |