മുംബയ്: മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. വിജയ് നഗറിലെ രമാഭായ് അപ്പാർട്ട്‌മെന്റിന്റെ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. കെട്ടിടത്തിന് 13 വർഷം പഴക്കമുണ്ട്.
കെട്ടിടം തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് താമസക്കാരിയായ ഒരു വയസുകാരിയുടെ ജന്മദിനം ഇവിടെ ആഘോഷിക്കുകയായിരുന്നു. മരിച്ചവരിൽ ഈ കുഞ്ഞും അമ്മയും ഉൾപ്പെടുന്നു. ഉത്‌കർഷ ജോയൽ എന്ന കുഞ്ഞിനെയും അമ്മ ആരോഹി ജോയലിനെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ അച്ഛൻ ഓംകാർ ജോയൽ ഉൾപ്പെടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
2012ൽ നിർമിച്ച കെട്ടിടത്തിൽ 50 ഫ്ളാറ്റുകളാണുള്ളത്. കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്ന് കോർപ്പറേഷൻ കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവർത്തകർക്ക് ആവശ്യമായ വാഹനങ്ങളും ഉപകരണങ്ങളും പെട്ടെന്നുതന്നെ എത്തിക്കാൻ സാധിക്കാത്തതാണ് മരണസംഖ്യ വർദ്ധിക്കാനിടയാക്കിയതെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ ആറുപേർ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ കെട്ടിടനിർമാതാവിനെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |