തൊടുപുഴ: മുട്ടം ശങ്കരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് നാല് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. വെങ്ങല്ലൂർ സ്വദേശിനി കരടിക്കുന്നേൽ വീട്ടിൽ ആമിന ബീവി (58) കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45നായിരുന്നു അപകടം. വാഗമൺ സന്ദർശിച്ച ശേഷം തൊടുപുഴയ്ക്ക് മടങ്ങിയ കുടുംബത്തിലെ അഞ്ച് പേർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ശങ്കരപ്പിള്ളി പാലത്തിന് സമീപം നിയന്ത്രണം നഷ്ടമായി റോഡരികിലെ മരത്തിൽ ഇടിച്ച് പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന ആമിന ബീവിയുടെ മകൻ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ സി.പി.ഒയായ കെ.എസ്. ഷാമോൻ (33), ഭാര്യ ഹസീന ( 29), ഇരുവരുടെയും മൂത്ത മകൾ ഇഷ (4)എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഷാമോൻ ഹസീന ദമ്പതികളുടെ ഇളയ മകളാണ് മിഷേൽ മറിയം. അപകടം നടന്ന സ്ഥലത്തിന് സമീപം മലങ്കര ജലാശയത്തിലെ വെള്ളം കയറിക്കിടക്കുന്ന ആഴമേറിയ ഭാഗമാണ്. ഇവിടേക്ക് കാർ വീഴാതിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. അപകട വിവരമറിഞ്ഞ പ്രദേശവാസികൾ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാമോന്റെയും ഭാര്യയുടെയും പരിക്ക് സാരമുള്ളതല്ല. മൃതദേഹങ്ങൾ പോസ്റ്ര് മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |