പാമ്പുകടിയേറ്റ് മരിക്കുന്ന നിരവധി സംഭവങ്ങളാണ് കേരളത്തില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിഷ പാമ്പുകളായ മൂര്‍ഖന്‍, അണലി എന്നിവയുടെ കടിയേറ്റാണ് കേരളത്തില്‍ കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്. വനംവകുപ്പിന്റെ റെസ്‌ക്യൂ ടീം ഉള്‍പ്പെടെയുള്ളവര്‍ സജീവമായതുകൊണ്ട് തന്നെ നിരവധി സംഭവങ്ങളില്‍ രാജവെമ്പാല ഉള്‍പ്പെടെയുള്ള അതിഭീകരന്‍മാരെ മനുഷ്യജീവന് ആപത്തുണ്ടാക്കാതെ പിടികൂടി കാട്ടിലേക്ക് അയക്കാറുണ്ട്.
പാമ്പുകളെന്ന് കേള്‍ക്കുമ്പോള്‍ ശരാശരി മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വിഷപാമ്പുകളായ മൂര്‍ഖന്‍, അണലി, രാജവെമ്പാല എന്നിവയെല്ലാമാണ്. കാണുമ്പോള്‍ തന്നെ ഭയമുണ്ടാക്കുകയും ഒപ്പം കടിയേറ്റാല്‍ കൊടും വിഷം ശരീരത്തിലേക്ക് പ്രവേശിക്കുമെന്നതുമാണ് ഇവയെ അപകടകാരികളാക്കുന്നത്. വിഷമുള്ളവയ്ക്ക് പുറമേ നമ്മുടെ നാട്ടില്‍ ഉള്‍പ്പെടെ വിഷമില്ലാത്ത നിരവധി പാമ്പുകളുണ്ട്. വിഷമുള്ള ഭീകരന്‍മാരെ അപേക്ഷിച്ച് ഇവയുടെ ആക്രമണത്തില്‍ വലിയ അപകടമില്ലെന്നാണ് ആളുകള്‍ കരുതുന്നത്.
ഇര തേടുന്ന രീതി, മനുഷ്യനെ ആക്രമിക്കുന്ന രീതി തുടങ്ങിയവയെല്ലാം വ്യത്യസ്തമാണെങ്കിലും വിഷമില്ലാത്ത പാമ്പുകളും അപകടകാരികളാണ്. എന്നാല്‍ മനുഷ്യന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ശ്രദ്ധക്കുറവാണ് വിഷമില്ലാത്ത പാമ്പുകളെ അപകടകാരികളാക്കുന്നത്. അമേരിക്കയിലെ മാസച്യൂസറ്റ്‌സില്‍ നടത്തിയ ഒരു പഠനത്തില്‍, വിഷമില്ലാത്ത പാമ്പുകളുടെ കടിയേറ്റ 72 സംഭവങ്ങളാണ് പരിശോധിച്ചത്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ഇന്‍ഫെക്ഷന്‍ രൂപപ്പെട്ടത്.
വിഷപാമ്പുകള്‍ തങ്ങളുടെ വിഷപ്പല്ലും വിഷവും ആയുധമാക്കുമ്പോള്‍ വിഷമില്ലാത്തവ തങ്ങളുടെ മസില്‍ പവര്‍ ആണ് ഉപയോഗിക്കുന്നത്. പെരുമ്പാമ്പ് പോലുള്ളവ വിഷമില്ലാത്തവയാണെങ്കിലും ഇവ പലപ്പോഴും വിഷമുള്ളവയേക്കാള്‍ അപകടകാരികളാണ്. എന്നാല്‍ വിഷമില്ലാത്ത മറ്റ് പാമ്പുകളുടെ കടിയേറ്റാല്‍ ആ മുറിവാണ് അപകടകരമായി മാറുന്നത്. അതുകൊണ്ട് തന്നെ അത്തരം പാമ്പുകളുടെ കടിയേറ്റാല്‍ പോലും അടിയന്തരമായി ചികിത്സ തേടുകയെന്നത് പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |