ഒരു മാസം മുമ്പാണ് തികച്ചും അപ്രതീക്ഷിതമായി ഷാജി എന്റെ വീട്ടിൽ വന്നത്. സത്യത്തിൽ ഞാൻ അതിശയിച്ചു പോയി. പൊതുവേ ഞങ്ങൾ അങ്ങനെ കാണാറില്ല. സിനിമാരംഗത്തെ ചില അകൽച്ചകൾ എന്നും ഉണ്ടായിരുന്നല്ലോ. എന്റെ ആരോഗ്യാവസ്ഥ അന്വേഷിക്കാൻ എത്തിയതായിരുന്നു. കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. വേർപാടിന്റെ ദുഃഖ വിവരം കേട്ടപ്പോൾ വളരെ സങ്കടം തോന്നുന്നു.
ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിലും എനിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു ഷാജി. ഒരിക്കലും ശത്രുത ഉണ്ടായിട്ടില്ല. അദ്ദേഹം പ്രവർത്തിച്ച ഗ്രൂപ്പിൽപ്പെട്ടവർ ഉണ്ടാക്കിയ അകൽച്ചയായിരുന്നു അത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് എന്റെ സുഹൃത്തായ പോഷകാഹാര വകുപ്പ് ഡയറക്ടർ മുകുന്ദനൊപ്പം ഷാജി ആദ്യമായി എന്നെ കാണാൻ വന്നത്. ഫിലിം മേക്കിംഗിനെക്കുറിച്ചുള്ള ഒരു പുസ്തകം തന്നെ ഞാനന്ന് ഷാജിക്ക് കൊടുത്തു. പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോകുമ്പോൾ എനിക്ക് അടുപ്പമുള്ള ചിലർക്കും കത്തുകൾ കൊടുത്തുവിട്ടു. ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിച്ച വിവരം കാണിച്ച് ഷാജി എനിക്ക് കത്തെഴുതിയിരുന്നു.
ഫിലിം മേക്കർ എന്ന നിലയിൽ വിട്ടുവീഴ്ച ചെയ്യാത്ത ആളായിരുന്നു ഷാജി. ആ നിലയ്ക്ക് എനിക്ക് അദ്ദേഹത്തോട് വളരെ മതിപ്പായിരുന്നു. അതൊരു വലിയ ക്വാളിറ്റിയാണ്. സ്വന്തം ബോദ്ധ്യത്തിന് ഒപ്പം നിൽക്കുകയെന്നത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ഷാജി ഛായാഗ്രഹണത്തിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ അതിനുമപ്പുറം സംവിധായകൻ ആവണമെന്നായിരുന്നു ഉൾപ്രേരണ. ഷാജിക്ക് എല്ലാ അംഗീകാരങ്ങളും ലഭിച്ചു. സഫലമായ കരിയറായിരുന്നു ഷാജിയുടേതെന്ന് ഞാൻ പറയും. ആദരാഞ്ജലികൾ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |