തിരുവനന്തപുരം : സ്വാധീന മേഖലകളിൽ പാർട്ടി വോട്ടുകൾ ചോരുന്നത് കേഡർ സ്വഭാവം നഷ്ടപ്പെട്ടതുകൊണ്ടെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം. നിലമ്പൂരിൽ പാർട്ടി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് നഷ്ടപ്പെട്ടു. പാർട്ടി അംഗങ്ങൾ നല്ല കേഡർമാരായി മാറുന്നില്ല. തോൽവി ഗൗരവമായി പരിശോധിക്കണം.
പാർട്ടിക്ക് നല്ല സ്വാധീനമുള്ള പഞ്ചായത്തുകളിൽപ്പോലും സി.പി.എം സ്ഥാനാർത്ഥി പിന്നാക്കം പോയി.
സംസ്ഥാന സെക്രട്ടറിക്ക് നേരെയും ചില അംഗങ്ങൾ വിമർശനമുയർത്തി. എങ്കിലും കടുത്ത വിമർശനത്തിലേക്ക് ആരും പോയില്ല. ആർ.എസ്.എസുമായി മുൻപ് സഹകരിച്ചിട്ടുണ്ടെന്ന എം.വി.ഗോവിന്ദന്റെ പരാമർശം വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ ഇത്തരം അഭിപ്രായപ്രകടനങ്ങൾ തിരഞ്ഞെടുപ്പ് പോലുള്ള സന്ദർഭങ്ങളിൽ ദോഷം ചെയ്യും.
നിലമ്പൂർ പരാജയം വളരെ ഗൗരവത്തിൽ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ വേണ്ട തിരുത്തലുകൾ വരുത്തുമെന്നും എം.വി.ഗോവിന്ദൻ മറുപടിയിൽ വ്യക്തമാക്കി. പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
അൻവറിന്റെ സ്വാധീനം
തിരിച്ചറിഞ്ഞില്ല
പി.വി.അൻവറിന് മണ്ഡലത്തിലുള്ള സ്വാധീനം മനസിലാക്കാൻ അവിടത്തെ പാർട്ടി നേതൃത്വത്തിനോ സംസ്ഥാന നേതൃത്വത്തിനോ കഴിഞ്ഞില്ലെന്ന് വിമർശനം
മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചിരുന്ന വോട്ടിൽ വലിയ കുറവാണ് ഇത്തവണ ഉണ്ടായത്. ഇതു പരിശോധിച്ചു മുന്നോട്ടുപോയില്ലെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കാനാവില്ല
എം.സ്വരാജിന്റെ സ്ഥാനാർത്ഥിത്വം പ്രചാരണത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിച്ചു. സ്ഥാനാർത്ഥിയെക്കുറിച്ച് മോശമായ അഭിപ്രായമുണ്ടായില്ല
അതേസമയം, സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിക്ക് വോട്ടു നേടാൻ കഴിഞ്ഞെന്ന ചില നേതാക്കളുടെ അഭിപ്രായത്തോട് ചർച്ചയിൽ പങ്കെടുത്ത പലരും വിയോജിച്ചു