SignIn
Kerala Kaumudi Online
Saturday, 13 December 2025 3.43 PM IST

തലസ്ഥാന കോർപ്പറേഷൻ എൻഡിഎയ്ക്ക് കൊടുത്തത് മേയറൂട്ടിയും ശബരിമലയും

Increase Font Size Decrease Font Size Print Page
arya

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തലസ്ഥാന കോർപ്പറേഷൻ എൻഡിഎയുടെ കൈകളിലേക്ക് എത്തുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ട‌ുമ്പോൾ എൻഡിഎയുടെ ലീഡുനില കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. മേയർ സ്ഥാനാർത്ഥികളായി എൻഡിഎ ഉയർത്തിക്കാട്ടിയ വിവി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ തുടങ്ങി അവരുടെ പ്രമുഖരെല്ലാം വിജയിച്ചുകയറുകയാണ്. എൽഡിഎഫ് കോട്ടകൾ തച്ചുടച്ച് മികച്ച ഭൂരിപക്ഷത്തിലാണ് ഇവരുടെയെല്ലാം വിജയം.

ഏറെക്കുറെ അരനൂറ്റാണ്ടോളം തുടർച്ചയായി കോർപ്പറേഷൻ ഭരണം കൈയാളിയിരുന്ന എൽഡിഎഫിന് തിരഞ്ഞെടുപ്പുഫലം (ചുരുങ്ങിയ സമയത്തുമാത്രമാണ് യുഡിഎഫ് ഭരിച്ചത്) കനത്ത തിരിച്ചടിയായി. നഗരസഭ കൈപ്പിടിയിലൊതുക്കാൻ വാർഡുകൾ വെട്ടിമുറിച്ചും കൂട്ടിച്ചേർത്തും വളഞ്ഞ വഴികൾ പലതും സംസ്ഥാനഭരണത്തിന്റെ പിന്തുണയോടെ ചെയ്തുകൂട്ടിയെങ്കിലും ജനവിധിയെ സ്വാധീനിക്കാൻഅതിനൊന്നും കഴിഞ്ഞില്ല. മാറാത്തത് മാറുമെന്ന എൻഡിഎയുടെ മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ ശരിയാവുകയായിരുന്നു.

നിലവിലെ കോർപ്പറേഷൻ ഭരണത്തോടുള്ള ജനങ്ങളുടെ എതിർപ്പാണ് ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിന് കാരണം. പ്രായം കുറഞ്ഞ മേയർ എന്ന ലേബലിൽ എൽഡിഎഫ് അവതരിപ്പിച്ച ആര്യാ രാജേന്ദ്രൻ അമ്പേ പരാജയമായിരുന്നു എന്ന് തുടക്കംമുതലേ വ്യക്തമായിരുന്നു. നിരവധി ആക്ഷേപങ്ങളും പരാതികളും ഉയർന്നെങ്കിലും മേയറെ മാറ്റാൻ സിപിഎം തയ്യാറായില്ല. പാർട്ടിയിലെ ഉന്നതരോടുള്ള അടുപ്പമാണ് ഇതിനുകാരണമെന്ന് സിപിഎമ്മിലെതന്നെ പലരും അന്ന് ചൂണ്ടിക്കാട്ടിയത്. ഏറ്റവും ഒടുവിൽ, കെഎസ്ആർടിസി ഡ്രൈവറെ തട‌ഞ്ഞ കേസിൽ തിരഞ്ഞെടുപ്പിന് താെട്ടുമുമ്പ് മേയറെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

അഞ്ചുവർഷം മേയർകസേരയിൽ ഇരുന്നെങ്കിലും ഇത്തവണ ആര്യാ രാജേന്ദ്രൻ ഒരിടത്തുപോലും പ്രചാരണത്തിനിറങ്ങിയില്ല. ജനങ്ങളുടെ എതിർപ്പ് ഒഴിവാക്കാൻ പാർട്ടിതന്നെ അവരെ മാറ്റിനിറുത്തിയതെന്നായിരുന്നു അണിയറ സംസാരം. എന്നാൽ ഇതിനെക്കാൾ വലിയൊരു സ്ഥാനം ആര്യയ്ക്ക് ലഭിച്ചേക്കും എന്ന സൂചനയും മന്ത്രിമാർ ഉൾപ്പടെ നൽകി. സംസ്ഥാന, കോർപ്പറേഷൻ ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പ് വോട്ടായി മാറുകയായിരുന്നു എന്നാണ് ഇടത് അനുകൂലികൾ തന്നെ സമ്മതിക്കുന്നുണ്ട്.

എടുത്തുകാണിക്കാൻ നേട്ടങ്ങളൊന്നുമില്ലാതെ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണ് കോർപ്പറേഷനിൽ എൽഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. മറിച്ച് എൻഡിഎയും, യുഡിഎഫും കോർപ്പറേഷൻ ഭരണത്തിലെ അഴിമതികളും സ്വജനപക്ഷപാതവും ഉയർത്തിക്കാട്ടിയായിരുന്നു പ്രചാരണം നയിച്ചത്. ആറ്റുകാൽ പൊങ്കാലയിൽപ്പോലും അഴിമതി നടത്തിയെന്ന പ്രചാരണം ശരിക്കും ജനങ്ങൾ ഉൾക്കൊണ്ടു എന്നുവേണം കരുതാൻ. അത് വോട്ടായി പെട്ടിയിൽ വീഴുകയും ചെയ്തു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൽഡിഎഫിനുമുകളിൽ ഇടിത്തീയായി പതിച്ച ശബരിമലയിലെ സ്വർണക്കൊള്ളയും എൻഡിഎ വിജയത്തിന് കാരണഭൂതമായി. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വർണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും ശക്തമായ പ്രചരണായുധമാക്കാൻ എൻഡിഎയ്ക്കായി. കടകംപള്ളിയുടെ മണ്ഡലമായ കഴക്കൂട്ടത്തെ ഏറക്കുറെ മുഴുവൻ വാർഡുകളും എൻഡിഎ കൈക്കലാക്കി.

തലസ്ഥാന കോർപ്പറേഷൻ പിടിക്കേണ്ടത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അത്യാവശ്യമായിരുന്നു. അനുഭവ പരിജ്ഞാനമില്ലാത്ത കെട്ടിയിറക്കപ്പെട്ടവൻ എന്ന ദുഷ്‌പേര് മാറ്റാൻ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാവുമായിരുന്നില്ല. ആർഎസ്എസിന്റെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അത് എളുപ്പത്തിൽ നേടാനും അദ്ദേഹത്തിനായി. പാർട്ടിയുടെ അധീനതയിലുള്ള സഹകരണ ബാങ്കിന്റെ രക്ഷാധികാരിയും കോർപ്പറേഷൻ കൗൺസിലറുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യ എൻഡിഎയെ ചെറുതായൊന്നുമല്ല വിഷമിപ്പിച്ചത്. സീറ്റുകിട്ടാതെവന്നതിന്റെ വിഷമത്തിൽ യുവനേതാവ് ജീവനൊടുക്കിയതും തിരിച്ചടിയാകുമെന്ന് ഭയന്നു. എന്നാൽ ആ പ്രശ്നങ്ങളെല്ലാം സുന്ദരമായി നേരിടാൻ രാജീവ്ചന്ദ്രശേഖറിന്റെ നേതൃത്വത്തിനായി.

ഇതിനൊപ്പം ബിജെപി പ്രകനപത്രികയിൽ ഉയർത്തിക്കാട്ടിയ കാര്യങ്ങളും വോട്ടർമാരെ സ്വാധീനിച്ചു എന്നുവേണം കരുതാൻ.'നമുക്ക് വേണം വികസിത തിരുവനന്തപുരം, മാറാത്തത് ഇനി മാറും' എന്നതായിരുന്നു എൻഡിഎ ഉയർത്തിയ മുദ്രാവാക്യം.

2036ൽ ഇന്ത്യയിൽ നടക്കുന്ന ഒളിമ്പിക്സിന്റെ ഒരു വേദി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് തിരുവനന്തപുരത്ത് എത്തിക്കും. ഇതിലൂടെ തലസ്ഥാന നഗരത്തിലെ യുവജനതയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്ത് പകരും എന്നതായിരുന്നു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

അധികാരത്തിൽ കയറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കും. 2030ഓടെ ഇന്ത്യയിലെ ഏ​റ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാ​റ്റും,കേന്ദ്രപദ്ധതികൾ എല്ലാ വീടുകളിലും എത്തിക്കും, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മികച്ച ചികിത്സ, 24 മണിക്കൂർ ഡോക്ടറുടെ സേവനം, എല്ലാ വാർഡുകളിലും സി.എസ്.സി കേന്ദ്രങ്ങൾ ഉറപ്പാക്കും,ഡിജി​റ്റൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതിരഹിത ഭരണം ഉറപ്പാക്കും, ഓഫീസുകൾ കയറിയിറങ്ങാതെ ഭരണം വീട്ടുപടിക്കൽ എത്തിക്കും, എല്ലാ വർഷവും വികസന പ്രോഗ്രസ് കാർഡ്, വെള്ളക്കെട്ട് ഒഴിവാക്കാൻ സൂറത്ത് മാതൃകയിൽ പദ്ധതികൾ, കേന്ദ്രസർക്കാർ സഹായത്തോടെ കോർപ്പറേഷനിൽ വീടില്ലാത്ത എല്ലാവർക്കും അഞ്ചുവർഷം കൊണ്ട് വീട്, ജനങ്ങളും കോർപ്പറേഷനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ 100 ശതമാനം ഓൺലൈനാക്കും, ഗംഗ ശുദ്ധീകരണ മിഷൻ മാതൃകയിൽ ആമയിഴഞ്ഞാൻ, പാർവതി പുത്തനാർ പോലുള്ള ജലാശയങ്ങൾ ശുദ്ധീകരിച്ച് സംരക്ഷിക്കും, മാലിന്യപ്രശ്നം പരിഹരിക്കും, പദ്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, വെട്ടുകാട്, ആ​റ്റുകാൽ ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ച് തീർത്ഥാടന ടൂറിസം പദ്ധതി തുടങ്ങിയവയായിരുന്നു പ്രകടനപത്രികയിലെ മറ്റുചില വാഗ്ദാനങ്ങൾ.

പത്തുവർഷമായി തീരെ ദയനീയാവസ്ഥയിലായിരുന്നു യുഡിഎഫ് ഉയർത്തെഴുന്നേൽപ്പിന്റെ ലക്ഷങ്ങൾ കാണിക്കുന്നുണ്ട്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ കേവലം പത്തുസീറ്റുകളിൽ ഒതുങ്ങിയ യുഡിഎഫ് അത്ഭുതം കാട്ടുമെന്ന് പറഞ്ഞതാണ് ഇത്തവണ മത്സരിക്കാനിറങ്ങിയത്. മുൻ എംഎൽഎ ശബരീനാഥനെയാണ് പോരിന് മുന്നിൽ നിറുത്തിയത്. അത്ഭുതങ്ങൾ കാണിച്ചില്ലെങ്കിലും നില മെച്ചെപ്പെടുത്താനായി എന്നത് യുഡിഎഫിന് ആശ്വാസമായി.

TAGS: TVM CORPORATION, NDA, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.