SignIn
Kerala Kaumudi Online
Saturday, 13 December 2025 6.44 PM IST

'അഹങ്കാരം തലയ്ക്കു പിടിച്ച മേയർ വാഴുമ്പോൾ ക്ഷീണം പാർട്ടിക്കായിരിക്കുമെന്ന് എന്തുകൊണ്ടു തോന്നിയില്ല'

Increase Font Size Decrease Font Size Print Page
arya-rajendran

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎയുടെ കൈകളിലേക്ക് എത്തുന്നു. മേയർ സ്ഥാനാർത്ഥികളായി എൻഡിഎ ഉയർത്തിക്കാട്ടിയ വിവി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ തുടങ്ങി അവരുടെ പ്രമുഖരെല്ലാം വിജയിച്ചുകയറി. എൽഡിഎഫ് കോട്ടകൾ തച്ചുടച്ച് മികച്ച ഭൂരിപക്ഷത്തിലാണ് ഇവരുടെയെല്ലാം വിജയം. ഇപ്പോഴിതാ തിരുവനന്തപുരത്ത് കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായതിന്റെ കാരണങ്ങൾ വിലയിരുത്തുകയാണ് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ് രാധാകൃഷ്ണൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

എംഎം മണിയും ആര്യ രാജേന്ദ്രനും

കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറായി നിയോഗിക്കപ്പെട്ടതാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രകീർത്തിക്കപ്പെട്ട നടപടിയായിരുന്നു അത്. വോട്ടർമാർ ചിന്തിച്ചുറച്ച് വോട്ടു ചെയ്യുന്ന തിരുവനന്തപുരം പോലൊരു നഗരത്തിൽ ആര്യയെപ്പോലൊരു യുവനേതാവ് ഏറ്റവും പ്രായം കുറഞ്ഞ മേയറായത് രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടു.


വി.കെ കൃഷ്ണമേനോനും എംഎൻ ഗോവിന്ദൻ നായരും പി.കെ വാസുദേവൻനായരും കെ.കരുണാകരനുമുൾപ്പെടെയുള്ള മഹാരഥന്മാരെ വിജയിപ്പിച്ചതും എ.ചാൾസ്, എ. നീലലോഹിതദാസൻ നാടാർ, വി.എസ് ശിവകുമാർ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരെ പരീക്ഷിച്ചതുമായ ലോക് സഭാമണ്ഡലത്തിൽ തിരുവനന്തപുരം നഗരവാസികളുടെ വോട്ട് നിർണായകമായിരുന്നു. മണ്ഡലത്തിൽ വല്ലപ്പോഴും കാലു കുത്തുന്ന, സ്വന്തം പാർട്ടിയിൽനിന്നുപോലുമുള്ള എതിർപ്പിൻ്റെ ഉച്ചകോടിയിൽ നിൽക്കുന്ന ശശി തരൂരിനെ മൂന്നു തവണ ജയിപ്പിച്ചതും തിരുവനന്തപുരം തന്നെ. നിയമസഭാ മണ്ഡലങ്ങളിലും ഇതേ പ്രത്യേകത കാണാം.


അവിടെ ആര്യാ രാജേന്ദ്രനെപ്പോലെ ഒട്ടും ഭരണ പരിചയമില്ലാത്ത, ഒരു മേഖലയിലും മികവു തെളിയിച്ചിട്ടില്ലാത്ത ഒരു പെൺകുട്ടിയെ ജയിപ്പിച്ചെടുത്ത് മേയറാക്കുമ്പോൾ ഭരണപരവും ജനകീയവുമായ വിവേചനബുദ്ധി ഉപയോഗിക്കാൻ സിപിഎം ആര്യയോട് പറയണമായിരുന്നു. അതിനുപകരം ചില നേതാക്കന്മാർക്ക് ആര്യയിലൂടെ നഗരം ഭരിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയായിരുന്നു ചെയ്തത്.

തിരുവിതാംകൂർ ചീഫ് സെക്രട്ടറിയായിരുന്ന സി. ഒ. മാധവൻ മുതലിങ്ങോട്ടുള്ള തലയെടുപ്പുള്ളവരും ലളിത ജീവിതം നയിച്ചവരും പിന്നീട് വലിയ ഉയരങ്ങളിലെത്തിയവരും മേയർമാരായ തിരുവനന്തപുരത്ത് തീരെ പരിചയസമ്പന്നതയില്ലാത്ത ഒരു വ്യക്തിയെ മേയറാക്കുമ്പോൾ പിന്നീടുള്ള ഭരണകാലം പാർട്ടി നിരീക്ഷിക്കേണ്ടതായിരുന്നു. സിപിഎമ്മിന് ശക്തരും പരിചയസമ്പന്നരുമല്ലാത്ത നേതാക്കൾ ഇല്ലാത്ത സ്ഥലമല്ല, തലസ്ഥാനം. പതിറ്റാണ്ടുകളോളം പാർട്ടി കൈവെള്ളയിലിരുത്തി വളർത്തിയ നഗരമാണത്. സംസ്ഥാന ഭരണത്തിൻ്റെ മൂക്കിനു താഴെ അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ച ഒരു മേയർ വാഴുമ്പോൾ അതിന്റെ ക്ഷീണം പാർട്ടിക്കായിരിക്കുമെന്ന് അവർക്ക് എന്തുകൊണ്ടു തോന്നിയില്ല. പല അവസരങ്ങളിലും മേയർക്കെതിരെ ശക്തമായ വിമർശനമുണ്ടായപ്പോഴും തിരുത്താതെ സംരക്ഷിക്കുകയായിരുന്നു ഒരു വിഭാഗം നേതാക്കന്മാർ ചെയ്തിരുന്നത്. ഫലം, കൈയ്ക്കുള്ളിൽ തുടർന്നും സൂക്ഷിക്കേണ്ടിയിരുന്ന തലസ്ഥാന നഗരം ഇതാദ്യമായി ബിജെപിക്ക് തീറെഴുതികൊടുക്കേണ്ടിവന്നു. അതിന്റെ ഫലം അനുഭവിക്കുന്നത് ഇന്ന് എസ്. പി ദീപക്കിനെപ്പോലെയുള്ളവരാണ്. അത്തരം നേതാക്കന്മാരുടെ ഭാവിയുടെ കടയ്ക്കൽ കത്തിവച്ചശേഷം സ്വന്തം ജീവിതം ഭദ്രമാക്കി മേയർ നാടുവിട്ടു.


ജനാധിപത്യമെന്ന വാക്കിന്റെ അർഥം തന്നെ മനസ്സിലാക്കാതെ എം.എം മണി നടത്തിയ പ്രതികരണം സിപിഎമ്മിന് ക്ഷീണമുണ്ടാക്കുക തന്നെ ചെയ്യും. ജനവിധി അംഗീകരിക്കുമെന്നും ജനങ്ങളുടെ മനംമാറ്റത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുമെന്നും പരാജയം ഏറ്റുവാങ്ങിയവർ പറയുമ്പോൾ ഇവിടെയൊരു നേതാവ് ജനങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പെൻഷൻ വാങ്ങി നക്കിയശേഷം മാറി വോട്ടു ചെയ്തുവെന്ന് അർഥം വരുന്ന തരത്തിലുള്ള മണിയുടെ പൊതുവായ പറച്ചിൽ ആര്യാ രാജേന്ദ്രന്റെ അഹന്തയുടെ വാക് രൂപമാണ്. ജനങ്ങളുടെ കാശുകൊണ്ടുതന്നെയാണ് സർക്കാർ അവർക്ക് പെൻഷൻ നൽകുന്നത് എന്ന് അറിയാത്ത നേതാവല്ല എം.എം മണി. ആ പണം ആരുടെയും കുടുംബസ്വത്തിൽനിന്ന് കൊടുക്കുന്നതല്ല. സർക്കാർ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ അതെല്ലാം അവർക്ക് അവകാശപ്പെട്ടതാണ്.

കേരളത്തിൽ എത്രയോ മുൻമന്ത്രിമാരും മുൻ എംഎൽഎ-മാരും വിവിധ പാർട്ടികളുടെ മേൽവിലാസത്തിൽ മത്സരിച്ചശേഷം പിന്നീട് പാർട്ടി മാറിയിട്ടുണ്ട്. അവരും പെൻഷൻ വാങ്ങുന്നില്ലേ. പാർട്ടി മാറിയപ്പോൾ ആ പെൻഷൻ തിരിച്ചുകൊടുക്കുമോ, ഇല്ല. അതു അവർക്ക് അവകാശപ്പെട്ടതാണ്. അതുപോലെ അവരെ തിരഞ്ഞെടുക്കുന്നവർക്ക് അവകാശപ്പെട്ടതാണ് അവർക്കുവേണ്ടി പ്രഖ്യാപിക്കപ്പെട്ട പെൻഷനുകൾ. അത് വാങ്ങുന്നതിന്റെ പേരിൽ ജനങ്ങളെ അധിക്ഷേപിക്കുന്ന ആദ്യ നേതാവായിരിക്കും എം.എം. മണി.


ആര്യാ രാജേന്ദ്രനെപ്പോലെ നിരവധി യുവനേതാക്കളെ രാഷ്ട്രീയത്തിന്റെ മുൻനിരയിലേയ്ക്ക് കൊണ്ടുവരുന്ന പാർട്ടിയാണ് സിപിഎം. അവരെ മുന്നോട്ടു കൊണ്ടുവരുമ്പോൾ നിയന്ത്രിക്കാൻ പാർട്ടിക്കു കഴിയണം. അതോടൊപ്പം തന്നെ ജനങ്ങളെ അധിക്ഷേപിക്കുന്ന മുതിർന്ന നേതാക്കളെ അവർ പാർട്ടിക്കുവേണ്ടി എത്ര കഷ്ടപ്പെട്ടവരായാലും വായ് മൂടിക്കെട്ടി ഒരു മൂലയിലിരുത്തണം. ജനങ്ങളിൽനിന്ന് പരാജയം ഏറ്റുവാങ്ങുമ്പോൾ അതിനെ ഉത്തരവാദിത്തത്തോടെ കാണുന്നവരാണ് നല്ല നേതാക്കൾ. ആ പരാജയം അവർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകും. അതുകൊണ്ടാണ് പാർട്ടികളും മുന്നണികളും മാറിമാറി അധികാരത്തിൽ വരുന്നത്. അല്ലാതെ ജയിക്കുമ്പോൾ അത് തങ്ങളുടെ കഴിവുകൊണ്ടു മാത്രമാണെന്നും തോൽക്കുമ്പോൾ അത് ജനങ്ങളുടെ തലയിൽ കെട്ടിവച്ച് അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നവരല്ല നല്ല നേതാക്കൾ.

TAGS: KERALA, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.