
കണ്ണൂർ: പൊലീസിനു നേരെ സ്റ്റീൽ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പയ്യന്നൂർ നഗരസഭ സി.പി.എം സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് 20 വർഷം കഠിനതടവും രണ്ടരലക്ഷം വീതം പിഴയും ശിക്ഷ. പയ്യന്നൂർ നഗരസഭ വെള്ളൂർ മൊട്ടമ്മൽ വാർഡിലെ സി.പി.എം സ്ഥാനാർത്ഥിയും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ വി.കെ.നിഷാദ് (35), ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.സി.വി. നന്ദകുമാർ (35) എന്നിവരെയാണ് തളിപ്പറമ്പ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ശിക്ഷിച്ചത്.
കൊലപാതകശ്രമം, സ്‌ഫോടകവസ്തു കൈവശംവയ്ക്കൽ എന്നിവയ്ക്ക് അഞ്ചുവർഷം വീതവും ബോംബ് എറിഞ്ഞതിന് 10 വർഷവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. പ്രതികളായ വെള്ളൂർ ആറാംവയൽ എ.മിഥുൻ (36), ആലിൻകീഴിൽ കുനിയേരി കെ.വി.കൃപേഷ് (38) എന്നിവരെ വെറുതെവിട്ടു.
2012 ആഗസ്റ്റ് ഒന്നിന് അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ അറസ്റ്റിനു പിന്നാലെ പയ്യന്നൂർ ടൗണിലുണ്ടായ അക്രമത്തിനിടെയാണ് എസ്.ഐ അടക്കം സഞ്ചരിച്ച പൊലീസ് വാഹനത്തിനുനേരെ ബോംബേറുണ്ടായത്.
ജയിച്ചാൽ അയോഗ്യത
പത്രിക സമർപ്പിച്ചപ്പോൾ വിധി വരാത്തതിനാൽ നിഷാദിന് മത്സരിക്കാൻ തടസമില്ല. എന്നാൽ, വിധി സ്റ്റേ ചെയ്യാതിരിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്താൽ അയോഗ്യനാകും. സ്ഥാനം രാജി വയ്‌ക്കേണ്ടിവരും. പ്രതികൂല വിധിയുണ്ടാകുമെന്ന ധാരണയിൽ ഡമ്മി സ്ഥാനാർത്ഥിയായ സി.പി.എം വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം എം.ഹരീന്ദ്രൻ പത്രിക പിൻവലിച്ചിരുന്നില്ല. വിധിക്കെതിരെ നിഷാദ് ഹൈക്കോടതിയെ സമീപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |