
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് താൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വരിയിൽ ഏറെനേരം നിൽക്കാൻ സാധിക്കാത്തതിനാൽ പലരും മറ്റ് വഴികളിലൂടെ ചാടി വന്നവരാണ്. ഇവരെ 18ാം പടി കടത്തിവിടാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇങ്ങനെയൊരു ആൾക്കൂട്ടം വരാൻ പാടില്ലായിരുന്നുവെന്നും കെ ജയകുമാർ പറഞ്ഞു. സന്നിധാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പമ്പയിൽ വന്നുകഴിഞ്ഞാൽ ആളുകൾക്ക് മൂന്നും നാലും മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മരംകൂട്ടം മുതൽ ശരംകുത്തി വരെ ഇരുപതോളം ക്യൂ കോംപ്ളക്സ് തയ്യാറാക്കിയിട്ടുണ്ട്. എന്നാലിതിന്റെ ഉദ്ദേശം നടപ്പിലായിട്ടില്ല. അത് പൊലീസിന്റെ തെറ്റല്ല. ക്യൂ കോംപ്ളക്സിലേയ്ക്ക് ആളുകൾ കയറുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ഇത് മാസ്റ്റർ പ്ളാനിന്റെ ഭാഗമായി നേരത്തെ തയ്യാറാക്കിയതാണ്. ഇവിടെ ഇരിക്കുന്നവർക്ക് വെള്ളവും ബിസ്‌കറ്റും നൽകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. ഇത് ഇന്നോ നാളെയോ നടപ്പിലാകും. പൊലീസുകാരെ ഉപയോഗിച്ച് ഭക്തരെ നിർബന്ധമായും ക്യൂ കോംപ്ളക്‌സിൽ ഇരുത്താനുള്ള നടപടി സ്വീകരിക്കും. അതിനുവേണ്ട അനൗൺസ്‌മെന്റ് സംവിധാനം സജ്ജമാക്കും. ഇതിലൂടെ ആളുകൾ ബോധരഹിതരാകുന്ന സ്ഥിതി ഒഴിവാക്കാം.
സ്‌പോട്ട് ബുക്കിംനായി ഏഴ് അധിക സ്‌പോട്ടുകൾ നിലയ്ക്കലിൽ ഇന്ന് സ്ഥാപിക്കും. പമ്പയിൽ നാലെണ്ണം ഉണ്ട്. നിലയ്ക്കലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞാൽ പമ്പയിലെത്തി കൃത്യമായി പോകാൻ സാധിക്കുന്ന സാഹചര്യമുണ്ടാകണം. കത്ത് മുഖേനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ലോവർ തിരുമുറ്റം കണ്ടിട്ട് എനിക്കുതന്നെ ഭയമാകുന്നു. ഭക്തരെ പതുക്കെ 18ാം പടി കയറാൻ അനുവദിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ള പ്രശ്നവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തരുടെ അടുക്കലേയ്ക്ക് വെള്ളവുമായി എത്താനുള്ള ഏർപ്പാടുകളും ചെയ്തു. മറ്റൊന്ന് ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതാണ്. ഇതിനായി തമിഴ്‌നാട്ടിൽ നിന്ന് 200 പേരെ കൊണ്ടുവരുന്നുണ്ട്. ശ്രദ്ധയിൽപ്പെട്ട മിക്കവാറും കാര്യങ്ങളും പരിഹരിക്കുന്നുണ്ട്. പമ്പ വളരെ മലിനമാണ്. അതിനുള്ള നടപടികളും സ്വീകരിക്കും.
ജീവനക്കാരുടെ മെസ് തയ്യാറായിട്ടില്ല. അവർക്ക് അന്നദാന മണ്ഡപത്തിൽ ഭക്ഷണം നൽകും. 21ന് മാത്രമേ മെസ് തയ്യാറാവുകയുള്ളൂ. കേന്ദ്രസേന ഇന്ന് വരുമെന്നാണ് വിവരം. അവരുമായി ബന്ധപ്പെടും'- കെ ജയകുമാർ വ്യക്തമാക്കി. അതേസമയം, ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് ദർശനം രണ്ടുമണിവരെ നീട്ടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |