
കൊച്ചി: ശബരിമലയിൽ ഭക്തജനത്തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ സ്പോട്ട് ബുക്കിംഗ് ക്വാട്ട തിങ്കളാഴ്ച വരെ 5,000 ആയി കുറച്ച് ഹൈക്കോടതി. 20,000 പേരെ അനുവദിച്ചിരുന്ന സ്ഥാനത്താണിത്. തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഏകോപനം പാളിയെന്ന് കോടതി കുറ്റപ്പെടുത്തി.
വെർച്വൽ ക്യൂ ബുക്കിംഗ് ക്വാട്ട തത്കാലം 70,000 ആയി തുടരും. അടുത്ത ഏതാനും ദിവസത്തെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണിത്. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസത്തെ ടിക്കറ്റുമായി വരുന്നവരെ മാത്രമേ പമ്പയിൽ നിന്ന് കടത്തിവിടാവൂ. ടിക്കറ്റിൽ പറയുന്ന സമയത്തിന് ആറ് മണിക്കൂർ മുമ്പ് മുതൽ പമ്പയിൽ നിന്ന് കടത്തിവിടാം. ടോക്കണിൽ പറയുന്ന സമയത്തിന് 18 മണിക്കൂറിനു ശേഷമാണ് എത്തുന്നതെങ്കിൽ കടത്തിവിടരുത്.
മിനിട്ടിൽ 80 പേർ പതിനെട്ടാം പടി കയറണം.
പൊലീസ് തിടുക്കത്തിൽ പിടിച്ചുപൊക്കുന്നത് ഇഷ്ടപ്പെടാത്തവരുമുണ്ട്. ഇതെല്ലാം ഭക്തരുടെ മനസുമടുപ്പിക്കും. കാര്യക്ഷമമായ നടപടി വേണം.
കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകർക്കും വനംവകുപ്പിന്റെ നിയന്ത്രണം വേണം. ഹർജി നാളെ വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ സമീപനമാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.
നിലയ്‌ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശം മേഖലകളായി തിരിച്ച് വിസ്തീർണവും ആളുകളെ ഉൾക്കൊള്ളിക്കാനുള്ള ശേഷിയും വിലയിരുത്തണം. തുടർന്ന് ചുമതലപ്പെട്ട വകുപ്പുകൾ കൂട്ടായി പരിഹാരമുണ്ടാക്കണം. വിശദാംശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ കോടതിയെ അറിയിക്കണം.
പറഞ്ഞതൊന്നും പാലിച്ചില്ല;
ദുരന്തത്തിനിടയാക്കും
ആൾക്കൂട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട് അധികൃതർ പലതും പറഞ്ഞതല്ലാതെ ഒന്നും നടന്നില്ലെന്ന് കോടതി വാക്കാൽ വിമർശിച്ചു. സാധാരണ ഉത്സവക്കമ്മിറ്റിക്കാരെ പോലെയല്ല കാര്യങ്ങൾ നടത്തേണ്ടത്. തീർത്ഥാടകരെ തിക്കിത്തിരക്കി കയറ്റുന്നതെന്തിനാണ്?
ഇത് മറ്റൊരു ദുരന്തത്തിന് വഴിവയ്‌ക്കും. ഏകോപനം പാളിയിരിക്കുകയാണ്. ഒരുക്കങ്ങൾ ആറുമാസം മുമ്പേ തുടങ്ങേണ്ടതായിരുന്നു.
കുട്ടികളടക്കം തിരക്കിൽ വീർപ്പുമുട്ടിയാണ് ദർശനത്തിന് കാത്തുനിൽക്കുന്നത്. അരുതാത്തതൊന്നും സംഭവിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
പ്രാഥമിക ആവശ്യങ്ങൾക്ക് വൃത്തിയുള്ള ടോയ്ലെറ്റുകളുമില്ല. രാസ കുങ്കമത്തിന്റെ വിൽപ്പന തടഞ്ഞ സാഹചര്യത്തിൽ ശുചീകരണത്തിന് കുത്തകപ്പാട്ടമെടുക്കാൻ ആളില്ല. മണിക്കൂറുകൾ വരി നിൽക്കുന്നവർക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടാൽ ചുറ്റിനും കാടല്ലേ, എവിടേയും പോയെന്നു വരാം.
``തിരക്കുമൂലം ദർശനം നടത്താൻ കഴിയാതെ മാല ഊരി വ്രതം മുറിക്കേണ്ടിവന്ന ഭക്തരോട് മാപ്പ് ചോദിക്കുന്നു.
കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ആവർത്തിക്കില്ല.``
-കെ.ജയകുമാർ
തിരുവിതാംകൂർ ദേവസ്വം
ബോർഡ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |