കൊല്ലം: കണ്ണനല്ലൂർ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതാവ്. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജീവ് പൊലീസിനെതിരെ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു കേസിന്റെ മദ്ധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചെന്നാണ് സജീവ് പറയുന്നത്. പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താലും കുഴപ്പമില്ലെന്നും സജീവ് കുറിച്ചു. അനുഭവങ്ങളാണ് ബോദ്ധ്യങ്ങൾ ആവുന്നത് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
തൃശൂരിൽ കുന്നംകുളം പൊലീസ് അകാരണമായി യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധം കടുക്കുമ്പോഴാണ് സിപിഎമ്മിൽ നിന്ന് മറ്റൊരു ആരോപണം ഉയരുന്നത്. സംഭവത്തിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ശശിധരന്റെ തൃപ്പൂരിലെ വീട്ടിലേക്കാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് മറികടക്കാൻ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ബാരിക്കേഡ് മറികടന്ന പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിവാദ സംഭവത്തിൽ പ്രതികളായ പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പത്തിന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ഒന്നടങ്കം സുജിത്തിനൊപ്പമാണ്. സുജിത്തിന് എത്ര നഷ്ടപരിഹാരം കൊടുത്താലും മാനഹാനിക്കും മർദ്ദനത്തിനും പരിഹാരമാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡി.സി.സി ഓഫീസിൽ സണ്ണി ജോസഫ് വി എസ് സുജിത്തുമായി സംസാരിച്ചതിനു പിന്നാലെയായിരുന്നു പത്രസമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |