
തിരുവനന്തപുരം: യുവത്വവും പരിചയസമ്പത്തും ഒത്തുചേര്‍ന്ന ആശാനാഥിനെയാണ് തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയറായി ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. 2017ല്‍ പാപ്പനംകോട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ആശാനാഥ് ആദ്യമായി നഗരസഭയിലെത്തിയത്. 2015ല്‍ പാപ്പനംകോട് വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപി നേതാവ് കരുമം ചന്ദ്രന്‍ ആശയുടെ അമ്മാവനാണ്. 2017ല്‍ ചന്ദ്രന്‍ ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ആശ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തൊട്ട് പിന്നാലെ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായി.
അമ്മാവന്റെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2020ലും പാപ്പനംകോട് നിന്ന് ആശ നഗരസഭയിലെത്തി. വാര്‍ഡ് വിഭജനത്തില്‍ പാപ്പനംകോടിന്റെ ഒരു ഭാഗം ചേര്‍ത്ത് പുതിയതായി രൂപീകരിച്ച കരുമം ആയിരുന്നു ആശയുടെ പുതിയ തട്ടകം. ഇവിടെ സ്ഥാനാര്‍ത്ഥിയാരെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിപ്പോലും വന്നില്ല പാര്‍ട്ടിക്ക്. സിപിഎമ്മിന്റെ അഡ്വക്കേറ്റ് സിന്ധുവിനെ 1081 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് ആശ പരാജയപ്പെടുത്തിയത്.
മുമ്പ് രണ്ട് തവണ നഗരസഭയിലേക്ക് വിജയിച്ച് പ്രധാന പ്രതിപക്ഷത്തിന്റെ ഭാഗമായിരുന്നപ്പോഴും പാര്‍ട്ടി നടത്തിയ എല്ലാ പ്രക്ഷോഭങ്ങളുടേയും മുന്‍നിരയില്‍ ആശയും ഉണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവ സാന്നിദ്ധ്യമായ ആശയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ്. സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി ആരാധകരുമുണ്ട് യുവ നേതാവിന്. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആശ മത്സരിച്ചിരുന്നു. ഇടത് കോട്ടയായ ചിറയിന്‍കീഴ് മണ്ഡലത്തില്‍ മത്സരിച്ച ആശയ്ക്ക് 30,000ല്‍ അധികം വോട്ടുകളും കിട്ടിയിരുന്നു.
ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമെന്നു ആശാ നാഥിന്റെ ആദ്യ പ്രതികരണം. കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ വച്ചാണ് വിവരം അറിഞ്ഞത്. വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് പാര്‍ട്ടി എല്‍പ്പിച്ചിരിക്കുന്നത്. ജനങ്ങളില്‍ ഒരാളായി നിന്ന് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും ആശാനാഥ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |