
പത്തനംതിട്ട : സമൂഹ മാദ്ധ്യമങ്ങളിൽ പൊലീസിനെ അധിക്ഷേപിച്ചതിന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെൻഷനിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ യു.ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജോലിയിൽ തുടരാൻ അനുവദിച്ചാൽ സേനയുടെ മനോവീര്യത്തെയും പ്രതിച്ഛായയെയും തകർക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ആറന്മുള പൊലീസ് സ്റ്റേഷനിലായിരിക്കേ, കഴിഞ്ഞ വർഷം മേയ് മുതൽ സസ്‌പെൻഷനിലായിരുന്നു. സസ്‌പെൻഷനിലായ ശേഷവും സമൂഹ മാദ്ധ്യമങ്ങളിലൂടെ പൊലീസിനെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. കാരണം കാണിക്കൽ നോട്ടീസിന്റെ ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചെന്നും സേനയെ പരിഹസിക്കും വിധം മറുപടി നൽകിയെന്നും ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പുറത്തിറക്കിയ പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.
അച്ചടക്കം പാലിച്ചില്ല, പ്രതിയെ ന്യായീകരിച്ചു, മൊഴി ശേഖരിക്കുന്നതിന് ഹാജരായില്ല, മേലുദ്യോഗസ്ഥരെയും സർക്കാരിനെയും അവഹേളിക്കും വിധം മറുപടികൾ നൽകി തുടങ്ങിയ വീഴ്ചകൾ ഉത്തരവിലുണ്ട്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ഉമേഷ് 2003ലാണ് സർവീസിൽ പ്രവേശിച്ചത്. 2017 മുതൽ 2022 വരെ കോഴിക്കോട് ജോലി ചെയ്യുമ്പോൾ 11 തവണ നടപടി നേരിട്ടു. ഉമേഷിന്റെ സർവീസ് പരിശോധിക്കുമ്പോൾ പെരുമാറ്റരീതി കൊണ്ട് ജോലിയിൽ തുടരാൻ യോഗ്യനല്ലെന്ന് ഉത്തരവിൽ പറയുന്നു.
ഡി.ഐ.ജിക്ക് അപ്പീൽ നൽകും. അപ്പീൽ തള്ളിയാൽ കോടതിയെ സമീപിക്കും
- ഉമേഷ് വള്ളിക്കുന്ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |