തിരുവനന്തപുരം:പിണറായി സർക്കാർ പാളം തെറ്റി ഓടുകയാണെന്നും, മുഖ്യമന്ത്രിക്ക്
ചുറ്റും ഉപഗ്രഹങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ
ധനാഭ്യർത്ഥന ചർച്ചയിൽ ആരോപിച്ചു.
തന്നെ ചുറ്റിപ്പറ്റി ഉപഗ്രഹങ്ങൾ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഉപഗ്രഹങ്ങളെ മുട്ടി നടക്കാൻ വയ്യാതായി. പാവപ്പെട്ടവന് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ് .ആൾക്കൂട്ടം അട്ടപ്പാടിയിലെ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ച് വർഷമായി. പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിച്ചു. സർക്കാർ നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാർക്കും അലവൻസുകളോ സൗകര്യങ്ങളോ അനുവദിക്കാത്തതിനാൽ അവർ പിന്മാറി. സാക്ഷികൾ പലരും ഇതിനോടകം കൂറുമാറി. കേരളത്തിന് അപമാനകരമായ കേസിലെ പ്രതികളെ ശിക്ഷിക്കാനായില്ലെങ്കിൽ പിന്നെ എന്ത് നീതിബോധമാണ് സർക്കാരിനുള്ളത്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് സർക്കാർ സഹായം ലഭിക്കുന്നതിന്റെ ഫലമാണ് വയനാട്ടിലെ ആദിവാസി വിശ്വനാഥന്റെ ആത്മഹത്യ .
ആകാശ് തില്ലങ്കേരിയെന്ന ക്രിമിനൽ ഇപ്പോൾ സർക്കാരിനെ വിറപ്പിക്കുകയാണ്. ആകാശ് അടക്കമുള്ളവരെ രക്ഷിക്കാനാണ് സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ 2.11 കോടി ചെലവഴിച്ചത്. തുടർ ഭരണം കൊണ്ട് സി.പി.എമ്മിന് ജീർണത ബാധിച്ചു. ബംഗാളിലെ അതേ ദുരന്തമാണ് കേരളത്തിലെ സി.പി.എമ്മും നേരിടാൻ പോകുന്നത്. ഒരു എം.എൽ.എയെക്കൊണ്ട് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിന്റെ ശമ്പളത്തെക്കുറിച്ച് ചോദ്യം ചോദിപ്പിച്ചു. ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വാങ്ങിയതിനേക്കാൾ കൂടുതലൊന്നും താൻ വാങ്ങിയിട്ടില്ല. ചില കാര്യങ്ങൾ വേണ്ടെന്ന് എഴുതിക്കൊടുത്തിട്ടുമുണ്ട്. ആറ് വർഷം പഴക്കമുള്ള കാർ മാറ്റിയാണ് പുതിയ കാർ നൽകിയത്. പത്ത് കാറുകൾ വാങ്ങിയപ്പോഴാണ് അതിൽ ഒരു കാർ തനിക്ക് ലഭിച്ചതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |