തിരുവനന്തപുരം: ഓണം കളറാക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ 143 പുത്തന്‍ ബസുകള്‍ നിരത്തിലിറങ്ങും. ഒന്‍പത് വര്‍ഷത്തിനുശേഷമാണ് കോര്‍പ്പറേഷന് പുതിയ ബസുകള്‍ വാങ്ങുന്നത്. ഇതില്‍ 106 ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനും ഓര്‍ഡിനറി സര്‍വീസിനുള്ള 37 എണ്ണം കെ.എസ്.ആര്‍.ടി.സിക്കുമാണ്. പരിപാടി ആഘോഷമാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനം.
23 മുതല്‍ 25 വരെ നടക്കുന്ന ആഘോഷത്തിന് കനകക്കുന്ന് വേദിയാകും. 60 സൂപ്പര്‍ ഫാസ്റ്റ്, 20 ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ ആദ്യ ബാച്ചില്‍പ്പെട്ട 80 ബസുകളാണ് ഉടന്‍ എത്തുന്നത്. ടാറ്റാ കമ്പനിയുടേതതാണിവ. 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കെ.എസ്.ആര്‍.ടി.സിയുടെ ഡിജിറ്റല്‍ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പുതിയ ട്രാവല്‍ കാര്‍ഡ്, സ്റ്റുഡന്‍സ് കാര്‍ഡുകളും പരിപാടിയില്‍ അവതരിപ്പിക്കും. മൂന്നു ദിവസമായി നടക്കുന്ന എക്‌സ്പോയില്‍ ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ വിദഗ്ദ്ധര്‍ പങ്കെടുക്കും.
10 എ.സി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എ.സി സെമി സ്ലീപ്പറുകള്‍ എന്നിവ ഉള്‍പ്പെടെ പ്രീമിയം ബസുകളാണ് അശോക് ലെയ്‌ലാന്‍ഡ് എത്തിക്കുക. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകളും എത്തും. എല്ലാം ഓണത്തിനു മുമ്പ് നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷ.
അവസാനം വാങ്ങിയത് 2016ല്‍
2016ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതമന്ത്രിയായിരിക്കെയാണ് കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി അവസാനം ബസുകള്‍ (100 എണ്ണം) വാങ്ങിയത്. 2022 ഏപ്രിലില്‍ ആന്റണി രാജു മന്ത്രിയായിരിക്കെ വാങ്ങിയ 116 ബസുകളും കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനു വേണ്ടിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |