
തിരുവനന്തപുരം: വാദ്യമേളങ്ങളും ദേവീമന്ത്രധ്വനികളും മുഴങ്ങി. തിങ്ങിനിറഞ്ഞ ഭക്തർ കൂപ്പുകൈകളോടെ ദേവീസ്‌തുതികൾ ഉരുവിട്ടു. ആചാരവെടികൾ മുഴങ്ങി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് മംഗളാരംഭമായി. പുറത്തെ പച്ചപ്പന്തലിൽ തോറ്റംപാട്ടും ആരംഭിച്ചു.
കുംഭത്തിലെ കാർത്തിക നക്ഷത്രമായ ഇന്നലെ വൈകിട്ട് 5.30നായിരുന്നു കാപ്പുകെട്ടൽ ചടങ്ങ്. മകം നാളായ മാർച്ച് മൂന്നിനാണ് പൊങ്കാല. പഞ്ചലോഹത്തിൽ നിർമ്മിച്ച കാപ്പുകളിലൊന്ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി അനീഷ് നമ്പൂതിരിയുടെ കൈയിലും കെട്ടി. ഒന്നാം ദിവസത്തെ പാട്ടും പൂജയും നടത്തുന്ന നെടിയവിളാകം കുടുംബക്കാർ വ്രതശുദ്ധിയോടെ തയ്യാറാക്കിയ കാപ്പും കെട്ടാനുള്ള പുറുത്തിനാരും ക്ഷേത്രത്തിലെത്തിച്ചു. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത്.
ഉത്സവം കഴിയുന്നതു വരെ മേൽശാന്തി പുറപ്പെടാശാന്തിയായി തുടരും. മാർച്ച് 3ന് പൊങ്കാല കഴിഞ്ഞ് ഭഗവതിയെ മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് പുറത്തെഴുന്നള്ളിക്കുമ്പോൾ മേൽശാന്തി ഘോഷയാത്രയിൽ അനുഗമിക്കും. പിറ്റേന്ന് രാത്രി 9.45ന് കാപ്പഴിക്കൽ ചടങ്ങ്. തുടർന്നു നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
ഇന്നലെ രാത്രി 8ന് കലാപരിപാടികൾ നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ട്രസ്റ്റിന്റെ ആറ്റുകാൽ അംബാ പുരസ്‌കാരം മോഹൻലാൽ സ്വീകരിച്ചു. ഇന്നലെ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ദർശനത്തിന് നല്ല തിരക്കായിരുന്നു. ദീപാരാധന തൊഴുത ഭക്തർ അന്നദാനത്തിലും പങ്കെടുത്തു. രാത്രി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിളക്കുകെട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |