SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

ആറ്റുകാൽ പൊങ്കാല; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി മന്ത്രി

Increase Font Size Decrease Font Size Print Page
attukal

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകനയോഗം ചേർന്നു. ഫെബ്രുവരി 23 മുതൽ മാർച്ച് നാല് വരെ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള എല്ലാ നിർമ്മാണ - അറ്റകുറ്റപ്പണികളും ഫെബ്രുവരി 20ന് മുമ്പ് തന്നെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ ഘട്ടത്തിൽ എല്ലാ വകുപ്പുകളുടെയും യോജിച്ചുള്ള പ്രവർത്തനമാണ് അത്യന്താപേക്ഷിതം. ഉത്സവ മേഖലകളായി പ്രഖ്യാപിച്ച വാർഡുകളിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണമെന്നും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇത്തവണ അഞ്ച് അധിക വാച്ച് ടവറുകൾ പോലീസ് സജ്ജമാക്കും. കൂടാതെ 76 സിസിടിവി ക്യാമറകളും 14 കേന്ദ്രങ്ങളിൽ ബാരിക്കേഡുകളും ഒരുക്കി സുരക്ഷ ശക്തമാക്കും.

ഭക്തജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി ഫെബ്രുവരി 23 മുതൽ ക്ഷേത്രപരിസരത്ത് മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കും. അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ - സ്വകാര്യ ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രി ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി. നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കും മൊബൈൽ ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.

പൊങ്കാലയ്ക്ക് ശേഷം റോഡുകളിൽ നിന്ന് ഇഷ്ടികകൾ നീക്കം ചെയ്യുന്നതിനും പ്രത്യേക ക്രമീകരണം ഉണ്ടാകും. ഗതാഗത സൗകര്യത്തിനായി കെഎസ്ആർടിസി ആകെ 950ഓളം ബസുകൾ പ്രത്യേക സർവീസിനായി നിയോഗിക്കും. ഇതിൽ 700ഓളം ബസുകൾ സാധാരണ സർവീസിനും 250 ബസുകൾ തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായും ഓടും. സിറ്റി ഷട്ടിൽ സർവ്വീസിനായി 25 ബസുകൾ വേറെയും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ടാറിംഗ് ജോലികൾ ഫെബ്രുവരി 15നകം പൂർത്തിയാക്കും. അഗ്നിശമന സേനയുടെ 400 ഉദ്യോഗസ്ഥരെയും രണ്ട് ഫയർ എൻജിനുകളെയും സുരക്ഷയ്ക്കായി വിന്യസിക്കും. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിശോധനകളും കൺട്രോൾ റൂം സേവനവും ലഭ്യമാക്കും.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ വായുവിന്റെ ഗുണനിലവാരവും ശബ്ദനിലയും നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും കൺട്രോൾ റൂമുകൾ ക്ഷേത്ര പരിസരത്ത് സജീവമായി പ്രവർത്തിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.

TAGS: ATTUKAL, PONGALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY