തിരുവനന്തപുരം: ഇലക്ട്രിക് ത്രാസുകളും, ഓട്ടോറിക്ഷ മീറ്ററും മുദ്രണം ചെയ്യാൻ ഈയത്തിന് പോളികാർബണേറ്റ് ടാഗ് സംവിധാനം വരുന്നു. നിലവിലെ സംവിധാനത്തിൽ ക്രമക്കേട് നടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിതി. നിലവിൽ ഉപകരണങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പാക്കിയ ശേഷം ഈയം ഉരുക്കി ഒഴിച്ച് സ്റ്റീൽ വയർ കൊണ്ട് മുദ്ര വയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈയം ചൂടാക്കി സ്റ്റീൽവയർ ഇളക്കിമാറ്റി ക്രൃത്രിമം കാണിക്കുന്നുവെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
പോളി കാർബണേറ്റ് ടാഗുകൾ ഇളക്കി മാറ്റാനാകില്ല. അഴിക്കാൻ ശ്രമിച്ചിൽ പൊട്ടിമാറുന്ന വിധമാണ് നിർമ്മാണം. ഓരോ ടാഗിനും തിരിച്ചറിയൽ നമ്പരുണ്ടാകും. ഈ നമ്പരിൽ നിന്നും മുദ്രണം ചെയ്ത കാലയളവ് തിരിച്ചറിയാനാകും. ടാഗിലെ നമ്പർ സാക്ഷ്യപത്രത്തിലും ഉൾക്കൊള്ളിക്കും. ലീഗൽമെട്രോളജി വകുപ്പ് നിയോഗിച്ചിട്ടുള്ള ഏജൻസികളാണ് ഇപ്പോൾ ഉപകരണങ്ങൾ മുദ്രണം ചെയ്യുന്നത്. ഉദ്യോഗസ്ഥർ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തിയശേഷമാണ് മുദ്രവയ്ക്കൽ. ലെഡും, സ്റ്റീൽ കമ്പിയും ഏജൻസികളാണ് നൽകുന്നത്. അപേക്ഷകരിൽ നിന്നും ഇതിനായി സർവീസ് ചാർജ്ജ് ഈടാക്കുന്നുണ്ട്. പകരം പോളികാർബണേറ്റ് ടാഗ് വകുപ്പു വിതരണം ചെയ്യും. അളവ് തൂക്ക ഉപകരണങ്ങൾ നിശ്ചിത ഇടവേളകളിൽ മുദ്രണം ചെയ്യണമെന്നാണ് വ്യവസ്ഥ. ഇലക്ട്രോണിക് അളവ് തൂക്ക് ഉപകരണങ്ങൾ വ്യാപകമായതിനാൽ പോളികാർബണേറ്റ് ടാഗ് ഫലപ്രദമാണെന്നാണ് നിഗമനം.ആദ്യപടിയായി കൊല്ലം, ആലുവ, കൊയിലാണ്ടി താലൂക്കുകളിലാകും പദ്ധതി നടപ്പാക്കുക.
ഇപ്പോൾ ഭാരക്കട്ടകളുള്ള ത്രാസിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഇവയിലും ഈയം ഉരുക്കി ഒഴിച്ചാണ് മുദ്രണം ചെയ്യുന്നത്. ഈയം ഒഴിച്ച ശേഷം വകുപ്പിന്റെ മുദ്ര പതിക്കും. പഴയ അളവ്തൂക്ക ഉപകരണങ്ങളിൽ ഈ രീതി തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |