ബാലരാമപുരം: കോട്ടുകാൽക്കോണത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അന്വേഷണം പ്രതി ഹരികുമാറിന്റെ സാമ്പത്തിക ബന്ധങ്ങളും വ്യക്തിവൈരാഗ്യവും കേന്ദ്രീകരിച്ച്. എന്നാൽ, കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ജോത്സ്യൻ ശംഖുംമുഖം ദേവീദാസൻ, കുഞ്ഞിന്റെ മാതാവ് ശ്രീതുവിന് കാർ വാങ്ങി നൽകിയ അജ്ഞാത സുഹൃത്ത്, സാമ്പത്തിക സഹായം നൽകിയിരുന്നവർ തുടങ്ങിയവരെക്കുറിച്ചും പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ശംഖുംമുഖം ദേവീദാസൻ, ഭാര്യ എന്നിവരെ ബാലരാമപുരം പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. മാസങ്ങൾക്ക് മുമ്പ് ഹരികുമാറുമായി ബന്ധമുണ്ടായിരുന്നെന്നും മറ്റ് സാമ്പത്തിക ഇടപാടുകളില്ലെന്നും ദേവീദാസൻ ആവർത്തിച്ചു. ശ്രീതുവിന്റെയും ജ്യോത്സ്യന്റെയും ബാങ്ക് അക്കൗണ്ടുകളും ബന്ധുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിൽ ദേവീദാസന് പങ്കുണ്ടോയെന്നറിയാൻ ഇദ്ദേഹം നടത്തിയ സംഭാഷണങ്ങൾ സൈബർ പൊലീസിന്റെ സഹായത്തോടെ വീണ്ടെടുക്കും. അതേസമയം, കൃത്യം നടത്തിയത് ഹരികുമാർ മാത്രമാണെന്നാണ് ഇതുവരെയുള്ള പൊലീസ് നിഗമനം.
ശ്രീതുവിനെ വീണ്ടും
ചോദ്യം ചെയ്യും
ശ്രീതു പലരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യും. ഇനിയും കാര്യങ്ങൾ വ്യക്തമാകാനുണ്ടെന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. ഷാജി പറഞ്ഞു. അതേസമയം കള്ളം പറഞ്ഞ് നാട്ടുകാരിൽ നിന്ന് ശ്രീതു പണം തട്ടിയിരുന്നതായി പൊലീസിന് ബോദ്ധ്യപ്പെട്ടു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ശ്രീതുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല. വാടക വീട്ടിലും പരിസരങ്ങളിലും ഇവരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് ആരാഞ്ഞെങ്കിലും ആരും ഇക്കാര്യം പറഞ്ഞിട്ടില്ല. കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുഞ്ഞിനെ കൊന്നത് ഹരികുമാർ മാത്രമല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |