ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ധരിപ്പിക്കാനായി വിളിച്ചുകൂട്ടിയ സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം.
അതിർത്തിയിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യൻ സേനയ്‌ക്കൊപ്പമാണ് തങ്ങളെന്ന് യോഗശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. സൈനികരെ സല്യൂട്ട് ചെയ്യുന്നു. കേന്ദ്രത്തിന് പറയാനുള്ളത് മുഴുവൻ കേട്ടു. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്തി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയുണ്ടായെങ്കിൽ അത് എല്ലാവർക്കും ഉപകാരപ്പെടുമായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ ഇപ്പോൾ വിമർശിക്കുന്നില്ല. പ്രതിസന്ധിയുടെ സമയമാണ്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗത്തെ വിവരങ്ങൾ ധരിപ്പിച്ചു. പ്രതിരോധ രഹസ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചോദിക്കരുതെന്ന് അഭ്യർത്ഥിച്ചു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, കിരൺ റിജിജു, എസ്. ജയശങ്കർ, ജെ.പി. നദ്ദ, നിർമ്മലാസീതാരാമൻ, സമാജ്‌വാദി പാർട്ടിയിലെ രാം ഗോപാൽ യാദവ്, സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവർ പങ്കെടുത്തു.
വ്യാജവാർത്തകളുടെ ഒഴുക്കാണ്. രാജ്യത്തിന് പുറത്തു നിന്നും അകത്തു നിന്നുമുള്ള വ്യാജപ്രചാരണങ്ങളിൽ വീഴരുത്. ആധികാരികമായ വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ
- കിരൺ റിജിജു,
പാർലമെന്ററികാര്യ മന്ത്രി
ഭീകരാക്രമണം നടത്തിയ ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ രാജ്യാന്തര തലത്തിൽ തുറന്നു കാട്ടണം. ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യു.എസിനോട് ആവശ്യപ്പെടണം
- അസദുദ്ദിൻ ഒവൈസി,
എ.ഐ.എം.ഐ.എം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |