തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാൻ ബ്ലാക്ക് സ്‌പോട്ടുകളിൽ വാഹനപരിശോധന നിർബന്ധമാക്കുന്നു. ദേശീയ, സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളിലെല്ലാം 24 മണിക്കൂർ നിരീക്ഷണത്തിന് വെഹിക്കിൾ ഇൻസ്‌പെക്ടർമാരുണ്ടാകും. ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടെന്ന് ഉറപ്പുവരുത്താൻ ഫേസ് ആപ്പ് വഴി ഡിജിറ്റൽ ഹാജർ നിർബന്ധമാക്കും. ബ്ലാക്ക് സ്‌പോട്ടുകളിൽനിന്ന് ഉദ്യോഗസ്ഥർ മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തണം.
റോഡപകടങ്ങൾ കുറയ്ക്കാൻ രൂപീകരിച്ച സേഫ് കേരള സ്‌ക്വാഡ് ഉദ്ദേശ്യലക്ഷ്യത്തിൽനിന്ന് അകലുന്നതായി കണ്ടതിനെത്തുടർന്നാണ് പുതിയ ക്രമീകരണം. മാസം നിശ്ചിതകേസുകൾ എടുക്കണമെന്ന നിബന്ധനമാത്രമാണ് ഇപ്പോഴുള്ളത്. ഇ ചെലാൻ സംവിധാനം വന്നതോടെ മൊബൈലിൽ നിയമലംഘനങ്ങൾ പകർത്തി പ്രതിമാസ ലക്ഷ്യം തികയ്ക്കാനാകും. ഇതുകാരണം പലരും കൃത്യമായി ഡ്യൂട്ടിക്ക് ഇറങ്ങുന്നില്ലെന്നാണ് വിലയിരുത്തൽ.
അപകടമേഖലകളിൽ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുണ്ടെങ്കിൽ ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് ബൈക്കുകൾ നൽകുന്നത് പരിഗണനയിലാണ്. ഒരു ബൈക്കിൽ രണ്ട് ഉദ്യോഗസ്ഥരുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |