തിരുവനന്തപുരം: പാകിസ്ഥാൻ അതിർത്തിയിലെ സ്ഥിതി വഷളായിരിക്കെ, കേരളത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. വി.എസ്.എസ്.സി അടക്കം പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളും വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുമുള്ളതിനാലാണ് ജാഗ്രത.
രാജ്യത്തിന്റെ ദക്ഷിണ അതിർത്തിയിൽ കേരളത്തിന്റെ സമീപത്തായുള്ള ശ്രീലങ്കയിലും മാലെദ്വീപിലും പാകിസ്ഥാന്റെ ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് സ്വാധീനമുണ്ട്. . കരയിലും ആകാശത്തും കടലിലും സേനകൾ ഹൈ അലർട്ടിലാണെന്ന് ഉന്നത പൊലീസുദ്യോഗസ്ഥൻ 'കേരളകൗമുദി'യോട് പറഞ്ഞു.സമൂഹ മാദ്ധ്യമങ്ങളിൽ പൊലീസും ഇന്റലിജൻസ് ബ്യൂറോയും നിരീക്ഷണം ശക്തമാക്കി. പാകിസ്ഥാനുമായുള്ള സംഘർഷത്തെക്കുറിച്ചുള്ള തെറ്രായ വിവരങ്ങളും വർഗ്ഗീയ പ്രചാരണവും നടത്തുന്നവരെ കസ്റ്റഡിയിലെടുക്കും. 'ഓപ്പറേഷൻ ചക്രവ്യൂഹ' എന്ന പേരിൽ കേന്ദ്ര ഏജൻസികൾ സൈബർ പട്രോളിംഗ് നടത്തുന്നുണ്ട്.കേരളത്തിൽ നിന്ന് അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ ഇ തയ്ബ ഭീകരരെ നേരത്തേ പിടി കൂടിയിട്ടുള്ളതിനാൽ ആഭ്യന്തര സുരക്ഷാവിഭാഗവും ജാഗ്രതയിലാണ്.കേരളത്തിലുള്ള കര,നാവിക,വ്യോമ, തീരസംരക്ഷണ സേനകളെല്ലാം ജാഗ്രത പുലർത്തുന്നു.
ആശങ്കപ്പെടുത്തുന്ന കേരള ബന്ധങ്ങൾ
കണ്ണൂരിൽ നിന്ന് അമ്പതോളം പേരുൾപ്പെടെ നൂറിലേറെ മലയാളികൾ ഐസിസിൽ ചേർന്നിട്ടുണ്ട്.
കാബൂളിൽ സിക്ക് ഗുരുദ്വാര ആക്രമിച്ചതിന് പിന്നിൽ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ.
ഐസിസിൽ ചേരാൻ അഫ്ഗാനിസ്ഥാനിലെത്തിയത് 21 മലയാളികൾ. പകുതിയും കൊല്ലപ്പെട്ടു.
ബോഡോ ലാൻഡിന്റെ സജീവ പ്രവർത്തകരായ മൂന്ന് പേരെ പെരുമ്പാവൂരിൽ കണ്ടെത്തിയത് ഐബി.
കൊല്ലം കുളത്തുപ്പുഴയിലെ വനമേഖലയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തി
വിഴിഞ്ഞത്തും അതീവസുരക്ഷ
തന്ത്രപ്രധാനമായ പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളുള്ളതിനാലാണ് തലസ്ഥാനത്ത് കൂടുതൽ ജാഗ്രത. തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം, തുമ്പയിലെ വിക്രംസാരാഭായ് സ്‌പേസ് സെന്റർ, വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, വട്ടിയൂർക്കാവ് ഇന്റഗ്രൽ സിസ്റ്റംസ് യൂണിറ്റ്, തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം, സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിരം അടക്കം ഇരുപത്തിയാറ് കേന്ദ്രങ്ങൾ തന്ത്രപ്രധാനമാണ്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് അതീവ സുരക്ഷയേർപ്പെടുത്തി. വിമാന വാഹിനിക്കപ്പലുകൾ നിർമ്മിക്കുന്നത് കൊച്ചിയിലാണ്.
മുഖ്യമന്ത്രി വിലയിരുത്തി
അതീവജാഗ്രതയുടെ പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളിലെ പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. പാലക്കാട്ടായിരുന്നു യോഗം. ഇന്റലിജൻസ് മേധാവി പി.വിജയനടക്കം പങ്കെടുത്തു. നാല് ജില്ലകളിലെ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ മുഖ്യമന്ത്രിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |