കൊൽക്കത്ത: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദ ബോസ്. "മുന്നോട്ടുള്ള ജീവിതയാത്രയിൽ ആരോഗ്യവും ദീർഘായുസും നേരുന്നു"- ആശംസാ സന്ദേശത്തിൽ ആനന്ദബോസ് കുറിച്ചു.
ഇന്നലെയായിരുന്നു മുഖ്യമന്ത്രിയുടെ ജന്മദിനം. നിരവധി പ്രമുഖർ അദ്ദേഹത്തിന് ആശംസ അറിയിച്ചു. കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ രാവിലെ ക്ലിഫ്ഹൗസിലെത്തി ആശംസകൾ നേർന്നു. രാജ്ഭവന്റെ ഔദ്യോഗിക മുദ്ര ആലേഖനം ചെയ്ത പേപ്പറിൽ അച്ചടിച്ച പിറന്നാൾ ആശംസ ഗവർണർ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഒപ്പം നിലവിളക്കും സമ്മാനമായി നൽകി.
രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, ലോക്‌സഭ സ്പീക്കർ ഓം ബിർള, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ ആശംസ അറിയിച്ചു. പിണറായിക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രിയ സഖാവ് പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് പിണറായി വിജയന്റെ ചെലവിൽ സദ്യയൊരുക്കി. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21നാണ് ജനനം. എന്നാൽ, യഥാർത്ഥ ജന്മദിനം മേയ് 24നാണെന്ന് അദ്ദേഹം മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. മുണ്ടയിൽ കോരൻ- കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24നായിരുന്നു പിണറായി വിജയന്റെ ജനനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |