കോട്ടയം: തെക്കൻ ജില്ലകളിലെ ഉത്സവങ്ങളിലെയും പെരുന്നാളുകളിലെയും മേളതാളങ്ങളിൽ നാലുപതിറ്റാണ്ടായി പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിൽ കെ.ആർ. ബെന്നിയുടെ (54) കൈയൊപ്പുണ്ട്. വാദ്യോപകരണ നിർമ്മാണത്തിൽ കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിലെ അഞ്ചാംതലമുറക്കാരനാണ് ബെന്നി. പത്താം വയസിൽ പിതാവ് വി.ടി. റപ്പേലിനൊപ്പമാണ് ബെന്നി തന്റെ കുലത്തൊഴിലിലേക്കെത്തിയത്. വിദ്യാഭ്യാസം കഴിഞ്ഞതോടെ വാദ്യോപകരണ നിർമ്മാണത്തെ ബെന്നി ജീവിതമാർഗമാക്കി. മക്കളെ പഠിപ്പിച്ച് നല്ലനിലയിലാക്കിയതും ഇതിലൂടെയാണ്. മക്കൾ വിദേശത്താണ്. വീടാണ് പണിശാല. മൂന്ന് മുതൽ അഞ്ചു ദിവസം വരെയാണ് ഒരു വാദ്യോപകരണം ഉണ്ടാക്കാനെടുക്കുന്നത്. ഓർഡറനുസരിച്ചാണ് നിർമ്മാണം. ഭാര്യ: ഷൈനി. മക്കൾ: അഞ്ജു, അജു.
തബലയും ചെണ്ടയും
ചെണ്ടയും തബലയും പശുത്തോലിലാണ് പൊതിയുന്നത്. മൃദംഗമാകട്ടെ ആട്ടിൻ തോലിലും. കയർ മുറുക്കാനും അയയ്ക്കാനും (മുദ്രചെയ്യാൻ) എരുമത്തോൽ വേണം. ചെണ്ട വട്ടം നിർമ്മിക്കാൻ പനയുടെ അലക് കീറി പുഴുങ്ങി വളച്ചെടുക്കും. പച്ചത്തടി ഉരുളകൾ മെഷീനിലെ ലയത്തിലാണ് കടഞ്ഞെടുക്കുന്നത്. പ്ലാവ്, മഹാഗണി, കണിക്കൊന്ന എന്നിവയിലാണ് കുറ്റി നിർമ്മാണം. ഇതിന് സഹായികളുമുണ്ട്.
മൃദംഗത്തിന് മൂന്നു പാളികൾ
മൃദംഗ നിർമ്മാണത്തിനായി വൃത്താകൃതിയിൽ വെട്ടിയ തോൽ വെള്ളത്തിലിട്ട് നേർപ്പിച്ച ശേഷം ചീകി മിനുക്കും. വലംതല നിർമ്മിക്കാൻ തോൽ മൂന്ന് പാളികളിലാക്കിയ ശേഷം സുഷിരമിട്ട് ചേർത്ത് തുന്നും. പിന്നീട് 24 സുഷിരങ്ങളിട്ട് കയർ കോർത്തെടുത്ത് കുറ്റിയുടെ വലംതല ഭാഗത്ത് ഉറപ്പിക്കും. ഇത് റൗണ്ട് റിംഗിലിറക്കി ആണിതറയ്ക്കും. തുടർന്ന് 12 കണ്ണികളിലൂടെ കയർ കോർത്ത് മുറുക്കും. ഇടംതല ഭാഗവും സമാനമായാണ് നിർമ്മിക്കുന്നത്. മഷി പുരട്ടലാണ് അടുത്തഘട്ടം. 'പുരാണകിട്ടാൻ" എന്ന കല്ല് ഉരലിലിട്ട് പൊടിച്ച് വെള്ളത്തിൽ കലക്കും. ഇത് തെളിച്ചെടുത്ത് ശബ്ദം കേൾക്കുന്ന ഭാഗത്ത് പുരട്ടും. പിന്നീട് കൃഷ്ണശില ഉപയോഗിച്ച് 5 മണിക്കൂർ തേയ്ക്കും. രണ്ട് മണിക്കൂർ വെയിലത്തുണക്കും.
വില
ചെണ്ട വില- 12,000 രൂപ മുതൽ
മൃദംഗം- 12,000 രൂപ മുതൽ
തബല- 7000 രൂപ മുതൽ
മൃഗത്തോൽ വില (ഒരെണ്ണത്തിന്)
പശുത്തോൽ - 1000 രൂപ
ആട്ടിൻ തോൽ - 500
എരുമത്തോൽ - 1000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |