തിരുവനന്തപുരം: സുപ്രീം കോടതി നിശ്ചയിച്ച മൂന്നു മാസ സമയ പരിധി കഴിഞ്ഞിട്ടും ഗവർണർ ഒപ്പു വയ്ക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാത്തതോടെ, നിയമസഭ പാസാക്കിയ മൂന്നു ബില്ലുകൾ ത്രിശങ്കുവിൽ-രണ്ട് സർവകലാശാല നിയമഭേദഗതി ബില്ലുകളും, സ്വകാര്യ സർവകലാശാലാ ബില്ലും. സ്വകാര്യ സർവകലാശാലാ ബില്ലിൽ ജൂലായ് 28നും സർവകലാശാലാ ഭേദഗതി ബില്ലുകളിൽ ആഗസ്റ്റ് നാലിനും മൂന്നു മാസ പരിധി കഴിഞ്ഞു.
നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെയുള്ള രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ റഫറൻസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനമായ ശേഷം തുടർ നടപടിയെടുക്കാമെന്നാണ് ഗവർണറുടെ നിലപാട്. ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയിൽ സ്വകാര്യ സർവകലാശാലാ നിയമത്തിന് ചട്ടങ്ങൾ സർക്കാർ തയ്യാറാക്കിയിരുന്നു.
നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുക, നിഷേധിക്കുക രാഷ്ട്രപതിക്ക് അയയ്ക്കുക എന്നീ നടപടികൾ ഗവർണർക്ക് സ്വീകരിക്കാം. ചാൻസലറായ ഗവർണറുടെ അധികാരം കുറയ്ക്കുന്നതും പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധികാരം കൂട്ടുന്നതുമാണ് നിയമ ഭേദഗതികളെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ഗവർണറുടെ അഭാവത്തിൽ മാത്രം സർവകലാശാലകളിൽ ഇടപെടാൻ അധികാരമുള്ള പ മന്ത്രിക്ക് സർവകലാശാലയിൽ നേരിട്ടിടപെടാൻ അധികാരം നൽകുന്ന വ്യവസ്ഥകൾ ബില്ലിലുണ്ട്.
നിയമഭേദഗതി പ്രകാരം സർവകലാശാലയുടെ അക്കാഡമികവും ഭരണപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരവും മന്ത്രിക്ക് വിളിച്ചു വരുത്താം.സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ, യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യുന്നതിനും സമിതികൾ രൂപീകരിക്കുന്നതിനുമുള്ള അധികാരം വി.സിയിൽ നിന്ന് മാറ്റി രജിസ്ട്രാർക്ക് നൽകാനും വ്യവസ്ഥയുണ്ട്. ഇത് സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്ന് വിലയിരുത്തിയാണ് ബില്ലുകൾ ഗവർണർ മാറ്റിവച്ചത്. സ്വകാര്യ സർവകലാശാലാ ബില്ലിൽ യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളുണ്ടെന്ന വിലയിരുത്തലിൽ, യു.ജി.സിയുടെയും കേന്ദ്രത്തിന്റെയും പരിശോധന വേണമെന്ന് ഗവർണർ നിലപാടെടുത്തിരുന്നു.
രാഷ്ട്രപതിക്ക്
വിടാൻ സാദ്ധ്യത
1)ചാൻസലറായ തന്റെ അധികാരം കുറയ്ക്കുന്നതടക്കം വ്യവസ്ഥകളുള്ളതിനാൽ ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാനാണ് സാദ്ധ്യത.
2)മറ്റു ബില്ലുകൾ രാഷ്ട്രപതിക്കയച്ചതിനും ,കാരണം പറയാതെ അനുമതി നിഷേധിച്ചതിനുമുള്ള കേരളത്തിന്റെ കേസുകളിൽ വിധി വരാനിരിക്കുകയാണ്.
ഡിജിറ്റൽ യൂണി.: വി.സി
നിയമനത്തിന് ഓർഡിനൻസ്
സെർച്ച് കമ്മിറ്റിയിൽ മാറ്റം
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റിയെ നിയോഗിക്കുന്നതിനുള്ള നിലവിലെ വ്യവസ്ഥയടക്കം ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് ഓർഡിനൻസിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. സർവകലാശാല നിയമത്തിലെ പതിനൊന്നാം വകുപ്പിലെ (3), (4), (6) ഉപവകുപ്പുകളിലാണ് ഭേദഗതി. ഗവർണർ ഒപ്പിട്ടാലേ ഓർഡിനൻസ് പ്രാബല്യത്തിലാവൂ.
ചീഫ് സെക്രട്ടറി കൺവീനറായുള്ള അഞ്ചംഗ സെർച്ച് കമ്മിറ്റിയാണ് നിലവിൽ. ചീഫ് സെക്രട്ടറിക്ക് പകരം ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രതിനിധിയെ കൺവീനറാക്കിയാണ് ഭേദഗതി. ചാൻസലർ, യു.ജി.സി, സർവകലാശാല ബോർഡ് ഒഫ് ഗവർണേഴ്സ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ പ്രതിനിധികളുമുണ്ടാവും.
നിലവിലെ കമ്മിറ്റിയിൽ ചീഫ്സെക്രട്ടറിക്ക് പുറമെ ഇലക്ട്രോണിക്സ്- ഐ.ടി രംഗത്തെ വിദഗ്ദ്ധ അംഗം, ബോർഡ് ഒഫ് ഗവർണേഴ്സ് അംഗം, യു.ജി.സിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധി എന്നിവരാണുള്ളത്. സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റികളിലുണ്ടാവരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാലാണ് ചീഫ്സെക്രട്ടറിയെയും സർക്കാർ പ്രതിനിധിയെയും ഒഴിവാക്കുന്നത്.
വി.സിയായി നിയമിക്കപ്പെടുന്നവരുടെ പ്രായം 65വരെ ആകാമെന്നും വ്യവസ്ഥ ചെയ്തു. നിലവിൽ ഇത് 61വയസാണ്. അഞ്ചംഗ സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഭൂരിപക്ഷം അംഗങ്ങൾ നിർദ്ദേശിക്കുന്നയാളെ വി.സിയായി ഗവർണർക്ക് നിയമിക്കാമെന്നും ഭേദഗതി വരുത്തി. യു.ജി.സി ചട്ടങ്ങൾക്കും സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായാണ് ഭേദഗതിയെന്നാണ് സർക്കാർ വിശദീകരണം. താത്കാലിക വി.സിയായി ഡോ.സിസാ തോമസിനെ കഴിഞ്ഞദിവസം ഗവർണർ നിയമിച്ചിരുന്നു. അതിന് പിന്നാലെയാണ് ഓർഡിനൻസിനുള്ള സർക്കാർ തീരുമാനം.
ഗവർണർ ഒപ്പിട്ടേക്കില്ല
1.അടുത്തമാസം നിയമസഭ സമ്മേളിക്കാനിരിക്കെ, ധൃതിപിടിച്ച് കൊണ്ടുവന്ന ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകാനിടയില്ല
2.ഓർഡിനൻസ് അംഗീകരിക്കുന്നത് ഗവർണറുടെ വിവേചനാധികാരമാണ്. രണ്ടാമതും അയച്ചാൽ ബില്ലുപോലെ നിർബന്ധമായും ഒപ്പിടേണ്ടതില്ല
3.മറ്റ് സർവകലാശാലകളിൽ സമാനരീതിയിൽ കൊണ്ടുവന്ന അഞ്ചംഗ സെർച്ച് കമ്മിറ്റി ബിൽ രാഷ്ട്രപതി തള്ളിയിരുന്നു
രണ്ട് സെന്റിൽ വീട് വയ്ക്കാനും
സ്ഥലത്തിന് 2 ലക്ഷം അധികം
നൽകാനും അനുമതി
തിരുവനന്തപുരം:അതിദരിദ്രർക്ക് വീടും സ്ഥലവും ലഭ്യമാക്കാനുള്ള പ്രയാസം കണക്കിലെടുത്ത് രണ്ട് സെന്റിൽ വീട് വയ്ക്കാനും, സ്ഥലത്തിന് 2 ലക്ഷം അധികം
അനുവദിക്കാനും അനുമതി നൽകുന്നതിന് നടപടിക്രമങ്ങളിൽ ഇളവ് വരുത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതനുസരിച്ച് നഗരസഭകളിലും നഗരസ്വഭാവമുളള ഗ്രാമപഞ്ചായത്തുകളിലും 2 സെന്റ് സ്ഥലത്ത് വീട് വയ്ക്കാൻ അനുമതി നൽകാനാകും.നിലവിലെ വ്യവസ്ഥയനുസരിച്ച് മൂന്ന് സെന്റിലാണ് വീട് വയ്ക്കേണ്ടിയിരുന്നത്.കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് വീടുണ്ടാക്കാൻ ഈ ഭൂമിയിൽ സാധിക്കുമെന്ന് ഉറപ്പ് വരുത്തണമെന്ന വ്യവസ്ഥയോടെയാണ് ഇളവ്. വീടുണ്ടാക്കാൻ ഭൂമി കിട്ടാത്ത സാഹചര്യമുണ്ടെങ്കിൽ വീടുണ്ടാക്കാനുള്ള ഭൂമി വാങ്ങാൻ നിലവിൽ അനുവദിച്ച തുകയ്ക്ക് പുറമെ അധികമായി 2ലക്ഷം രൂപ കൂടി അനുവദിക്കാനും സർക്കാർ അനുമതി നൽകും.നേരത്തെ റവന്യു ഭൂമിയോ,പുറമ്പോക്ക് ഭൂമിയോ മാത്രമാണ് പദ്ധതിയനുസരിച്ച് വീട് നിർമ്മാണത്തിന് കണ്ടത്തേണ്ടിയിരുന്നത്. അതിദാരിദ്ര നിർമ്മാർജ്ജന പദ്ധതിപ്രകാരം വീടോ ഭൂമിയോ കിട്ടുന്നവർ 12 വർഷത്തേക്ക് അത് കൈമാറ്റം ചെയ്യാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |