തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇന്ന് മന്ത്രിസഭായോഗം അംഗീകരിച്ചേക്കും. കമ്മിഷൻ ചെയർപേഴ്സൺ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും കമ്മിഷൻ എന്നാണ് സൂചന.
ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. വീഴ്ച വരുത്തിയ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവാത്തത് ചർച്ചയായ പശ്ചാത്തലത്തിലാണിത്. അനധികൃത ബോട്ടിന് സർവീസ് നടത്താൻ ഭരണതലത്തിൽ ഒത്താശയുണ്ടായെന്ന ആരോപണവുമുയർന്നിട്ടുണ്ട്. ജലദുരന്തത്തിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളുണ്ടായിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവാത്തതും ചർച്ചയാണ്.
കുത്തനെ വർദ്ധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ നേരിയ ഇളവിന് സി.പി.എം സംസ്ഥാനസമിതി നിർദ്ദേശപ്രകാരം സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും തദ്ദേശഭരണ വകുപ്പിന്റെ ഫയൽ മന്ത്രിസഭ മുമ്പാകെ വരാനിടയില്ല. തദ്ദേശവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നതാണ് ഫീസ് പരിഷ്കരണം. അതിനാൽ ഇളവിന്റെ കാര്യത്തിലും വകുപ്പുതലത്തിൽ തീരുമാനമെടുത്താൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |