കൊല്ലം: കറിക്ക് നല്ല നിറം നൽകുമ്പോഴും ഏരിവ് കുറവുമുള്ള കാശ്മീരി ഡപ്പി മുളകിന്റെ വില കുത്തനെ ഇടിഞ്ഞു. ഇപ്പോൾ കിലോയ്ക്ക് 225 രൂപയാണ് മൊത്തവില. 230 മുതൽ 240 വരെയാണ് ചില്ലറ വില. വർഷങ്ങൾക്ക് ശേഷമാണ് കാശ്മീരി പിരിയന്റെ വില ഇത്രയും ഇടിയുന്നത്.
കഴിഞ്ഞ ഓണക്കാലത്ത് കിലോയ്ക്ക് 900 രൂപ വരെ കാശ്മീരി മുളകിന്റെ വില ഉയർന്നിരുന്നു. മംഗലാപുരത്ത് നിന്നാണ് കാശ്മീരി ഡപ്പി പ്രധാനമായും വരുന്നത്. ഉത്പാദനം വർദ്ധിച്ചതാണ് വില പെട്ടെന്ന് ഇടിയാൻ കാരണമെന്ന് മൊത്തവിതരണക്കാർ പറയുന്നു.
ഏപ്രിൽ ആദ്യം പിച്ചി ഉണക്കിയതാണ് ഇപ്പോൾ വിപണിയിലേക്ക് എത്തുന്നത്. സീസൺ അവസാനിക്കുന്ന ജൂൺ വരെ കാര്യമായി വില ഉയരാൻ സാദ്ധ്യതയില്ല. എന്നാൽ വില്പന ഉയരുന്നതിനാൽ ഓണം അടുക്കുന്നതോടെ വില വീണ്ടും ഉയരാൻ സാദ്ധ്യതയുണ്ട്. പിന്നീട് ഒക്ടോബറിൽ അടുത്ത സീസൺ ആരംഭിക്കുമ്പോഴെ വില ഇടിയൂ.
കറിക്ക് സ്വാദ് ലഭിക്കാൻ ഒട്ടുമിക്ക കുടുംബങ്ങളിലും സാധാരണ മുളകിനൊപ്പം കാശ്മീരി ഡപ്പിയും കൂടി ചേർത്താണ് പൊടിക്കുന്നത്. വൻകിട ഹോട്ടലുകളിൽ കൂടുതൽ സ്വാദ് ലഭിക്കാൻ കാശ്മീരിഡപ്പി മാത്രമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായാണ് ഈയിനം കൂടുതലായി എത്തുന്നത്. അതിന് മുമ്പ് മംഗലാപുരത്ത് നിന്നും ചരട് എന്ന ഇനമാണ് കൂടുതലായി വന്നിരുന്നത്. ചരടിന് നീളം കൂടുതലാണ്. എന്നാൽ കാശ്മീരി ഡപ്പിക്ക് നീളം കുറവും വണ്ണം കൂടുതലുമാണ്. കുടുതലായി വിറ്റുപോകുന്ന പാണ്ടിമുളകിന് കിലോയ്ക്ക് 125 രൂപയാണ് മൊത്തവില.
കാശ്മീരി ഡപ്പി
മൊത്തവില കിലോയ്ക്ക് ₹ 225-230
ചില്ലറ വില ₹ 235-240
പാണ്ടിമുളക്
മൊത്തവില ₹ 125
ചില്ലറ വില ₹ 130
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |