തിരുവനന്തപുരം: സുരക്ഷിതമായ ജലഗതാഗതം രാജ്യത്ത് ഉറപ്പാക്കാനും ജലമലിനീകരണം ഇല്ലാതാക്കാനും കേന്ദ്ര ഇൻലാൻഡ് വെസ്സൽ ആക്ട് പ്രാബല്യത്തിലായിട്ട് ഒരു വർഷത്തിലേറെയായെങ്കിലും അത് പ്രാവർത്തികമാക്കാനാവശ്യമായ ചട്ടങ്ങൾ സംസ്ഥാന സർക്കാർ രൂപീകരിച്ചില്ല. 2021 ആഗസ്റ്റിലാണ് കേന്ദ്രനിയമം നിലവിൽ വന്നത്.
സംസ്ഥാനസർക്കാർ നിശ്ചയിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം ജലയാനങ്ങൾ ഇറക്കാനെന്നും സുരക്ഷാസംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ ജലയാനങ്ങളെ തരംതിരിക്കണമെന്നും കേന്ദ്രനിയമത്തിലെ 44ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പിൽ നിർദ്ദേശിക്കുന്നുണ്ട്. ഒരു ബോട്ടിൽ എത്ര ആളുകളെ വരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ചും കൃത്യമായ മാർഗരേഖ സംസ്ഥാനസർക്കാർ നിശ്ചയിക്കണമെന്ന് ഇതിന്റെ രണ്ടാം ഉപവകുപ്പിൽ പറയുന്നു.
യോഗ്യതയുള്ള ആളാവണം ബോട്ട് ഓടിക്കുന്നത്, സർവേ നടത്തി യാനം സുരക്ഷിതമാണെന്ന് കണ്ടെത്തി മാത്രം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുക, നിയമലംഘനം കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യുക, ബോട്ടിന്റെ ലൈസൻസ് നമ്പർ വ്യക്തമായി കാണത്തക്കവിധം പ്രദർശിപ്പിക്കുക തുടങ്ങിയ മാർഗനിർദ്ദേശങ്ങൾ നിയമത്തിൽ നിഷ്കർഷിക്കുന്നുണ്ട്. ഇവയെല്ലാം ഉറപ്പുവരുത്തിചട്ടങ്ങൾ രൂപീകരിക്കാതെ സംസ്ഥാനസർക്കാർ ഇതിന്മേൽ അടയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |