തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സംബന്ധിച്ച ത്രികക്ഷി കരാർ ഒപ്പുവച്ചു. വൃത്തി 2025 ദേശീയ കോൺക്ലേവിന്റെ ഭാഗമായി മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽവച്ച് സംസ്ഥാന സർക്കാരും കൊച്ചി കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമാണ് കരാറിൽ ഒപ്പുവച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ .ടി.വി, ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കർ .എം, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു എന്നിവരാണ് ത്രികക്ഷി കരാറിൽ ഒപ്പുവച്ചത്. മന്ത്രി എം.ബി. രാജേഷ്, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
10 ഏക്കറിൽ പ്ളാന്റ്
വാടക വ്യവസ്ഥയിൽ കൊച്ചി കോർപറേഷൻ നൽകുന്ന 10 ഏക്കർ ഭൂമിയിലാണ് ബി.പി.സി.എൽ പ്ലാന്റ് നിർമ്മിക്കുന്നത്. കൊച്ചി നഗരത്തിൽ നിന്നു ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ പ്ലാന്റിൽ സംസ്‌കരിക്കും.
പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്‌കരിച്ച് കംപ്രസ്ഡ് ബയോഗ്യാസാക്കാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. 25 വർഷം കാലാവധി നിശ്ചയിച്ചിരിക്കുന്ന കരാർ കോർപ്പറേഷൻ, ബി.പി.സി.എൽ എന്നിവരുടെ സമ്മതത്തോടെ ആവശ്യമെങ്കിൽ 10 വർഷത്തേക്കുകൂടി നീട്ടാനും വ്യവസ്ഥയുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ ജൈവ മാലിന്യപ്രശ്നത്തിന് പരിഹാരമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |