രാജ്യത്തെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളിലെ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്‌മ പരിഹരിക്കാൻ സ്കിൽ വികസനത്തിൽ ഊന്നിയുള്ള നിർദ്ദേശങ്ങളാണ് 2024 -25 ലെ ബഡ്ജറ്റിലുള്ളത്. ഇതിനായി പ്രധാനമന്ത്രി പാക്കേജ് ബഡ്ജറ്റിലുണ്ട്. പഠിച്ചിറങ്ങുന്ന യുവാക്കളെ തൊഴിലിനു സജ്ജരാക്കുക, ആദ്യമായി തൊഴിലിൽ പ്രവേശിക്കുന്നവർക്ക് സ്കിൽ വികസനത്തിൽ ഊന്നൽ നൽകുക, ആദ്യ മാസത്തിൽ മൂന്നു തവണയായി 15000 രൂപ വീതം അധിക വേതനം ഉറപ്പുവരുത്തുക, പ്രതിമാസം 3000 രൂപ വീതം ആനുകൂല്യം നൽകുക എന്നിവ പാക്കേജിലുണ്ട്. ഗവേഷണം, ഇനവേഷൻ, സാങ്കേതിക വിദ്യ എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവ വിപുലപ്പെടുത്താനുള്ള നിർദ്ദേശങ്ങളുമുണ്ട്.
വിദ്യാഭ്യാസ വായ്‌പ അനുവദിക്കുന്നതിനുള്ള ഉദര സമീപനം ബഡ്ജറ്റിന്റെ പ്രത്യേകതയാണ്. 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയ്ക്ക് മൂന്ന് ശതമാനം വരെ പലിശയിളവ് ലഭിക്കും. ഏഴര ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് സർക്കാർ പ്രൊമോട്ടർ ഫണ്ടിലൂടെ ഗ്യാരന്റി ലഭിക്കും. മുദ്ര യോജന വായ്‌പ 10 ലക്ഷത്തിൽ നിന്നും 20 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട് .
ഭക്ഷ്യ സംസ്‌കരണം, ഫുഡ് ഇറാഡിയേഷൻ, ക്വാളിറ്റി കൺട്രോൾ എന്നിവയ്ക്ക് ബഡ്ജറ്റിൽ മുൻഗണന നല്കിയിട്ടുണ്ട്. കാർഷിക ഗവേഷണത്തിന് കൂടുതൽ വിഹിതമുണ്ട്. 109 ഓളം വിളകളും, 32 ഓളം പഴവർഗ്ഗങ്ങളും ഉരുത്തിരിച്ചെടുക്കാനുള്ള ഗവേഷണത്തിനാണ് ഊന്നൽ നൽകുന്നത്. കാർഷിക, അനുബന്ധ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും. കാർഷിക, എം .എസ്. എം. ഇ മേഖലകളിൽ കൂടുതൽ സംരംഭകത്വ, സ്റ്റാർട്ടപ്പ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കും. നിർമ്മാണം, ബൗദ്ധിക സൗകര്യ വികസനം, ഗവേഷണം, ഇനവേഷൻ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആർക്കിടെക്ച്ചർ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഡിജിറ്റൽ ടെക്നോളജി, ഡിസൈൻ, അഡ്വാൻസ്ഡ് ടെക്നോളജി എന്നിവയിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും. ക്യാമ്പസ് പ്ലേസ്‌മെന്റും വർദ്ധിക്കാനിടവരും. എന്നാൽ തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് ഇത് എത്രത്തോളം പ്രയോജനപ്പെടുമെന്നതിൽ വ്യക്തമായ നിർദ്ദേശങ്ങളില്ല. അക്കാഡമിക ഇൻഡസ്ട്രി സഹകരണം ഉറപ്പുവരുത്താനുള്ള നിർദ്ദേശങ്ങൾ, ഐ.ടി.ഐ കളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നിർദ്ദേശങ്ങൾ എന്നിവ പൊതുവെ സ്വാഗതാർഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |