തിരുവനന്തപുരം: ധനപ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്ളാൻ ബി എങ്ങുമെത്താതിരിക്കെ, ഫെബ്രുവരി ഏഴിന് അടുത്ത ബഡ്ജറ്റിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഈ വർഷവും നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വർഷവും നടക്കാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയാണ് ഇക്കുറിയും പ്രധാന കടമ്പ. അത് മറികടക്കാൻ തിരഞ്ഞെടുപ്പ് വർഷത്തിൽ എന്ത് മാജിക്കാണ് ധനമന്ത്രി കരുതി വച്ചിരിക്കുന്നു എന്നതിലാണ് ആകാംക്ഷ.
കൂടുതൽ കേന്ദ്ര സഹായം ലഭ്യമായില്ലെങ്കിൽ സംസ്ഥാനം പ്ലാൻ ബി പുറത്തെടുക്കും എന്നായിരുന്നു കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനം. എന്നാൽ, അതെന്താണെന്നുപോലും സർക്കാർ വ്യക്തമാക്കിയില്ല.അതുപ്രകാരം ഒന്നും ചെയ്യാനുമായില്ല. അനുവദിക്കപ്പെട്ടതിന് അപ്പുറമുള്ള കേന്ദ്രസഹായം ലക്ഷ്യമിട്ടാണ് പല പദ്ധതികളും പ്രഖ്യാപിക്കുക. എന്നാൽ, കേരളത്തിന് അർഹതയുള്ളതു മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് കേന്ദ്രം.
സാമ്പത്തിക വർഷത്തെ അവസാനപാദത്തിൽ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിട്ടും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ബി.ജെ.പി ഇതര ഭരണമുള്ള സംസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് ശ്രമിച്ചെങ്കിലും അതും കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്താനായില്ല.
പദ്ധതികൾ വെട്ടിക്കുറച്ചു
സാമ്പത്തിക പ്രതിസന്ധികാരണം നടപ്പ് സാമ്പത്തിക വർഷം ആസൂത്രണ പദ്ധതികൾ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ 40.98% പദ്ധതികൾ മാത്രമാണ് പൂർത്തിയായത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 55.24% ആയിരുന്നു.
കാത്തിരിക്കുന്ന
വെല്ലുവിളികൾ
1.സാമൂഹ്യപെൻഷൻ അഞ്ചുമാസത്തെ കുടിശികയിൽ ഒരെണ്ണം മാത്രമാണ് ഇതുവരെ നൽകാനായത്
2.സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളിലും കുടിശിക നൽകാനായില്ല. 2021മുതലുള്ള ക്ഷാമബത്ത കുടിശികയിൽ ഒരുവർഷത്തേത് മാത്രമാണ് നൽകിയത്
3.സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ പ്രഖ്യാപനം ബഡ്ജറ്റിൽ നടത്തണം
4.പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം നിശ്ചിത ശതമാനം പെൻഷൻ തുക ഉറപ്പാക്കുന്ന ബദൽ പദ്ധതി
5.വയനാട് പുനരധിവാസം, ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെയുള്ളവയ്ക്ക് പണം കണ്ടെത്തുക
24,000 കോടി
കേന്ദ്രധനമന്ത്രി വിളിച്ച പ്രീബഡ്ജജറ്റ്
ചർച്ചയിൽ ആവശ്യപ്പെട്ടത്
17,000 കോടി
കേന്ദ്രത്തോട് ആവശ്യപ്പെട്ട
അധിക വായ്പാനുമതി
സംസ്ഥാന ബഡ്ജറ്റ് ഫെബ്രുവരി 7ന്
തിരുവനന്തപുരം: 2025-26ലെ സംസ്ഥാന ബഡ്ജറ്റ് ഫെബ്രുവരി 7ന് അവതരിപ്പിക്കും.ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നാലാമത്തെ പൂർണ ബഡ്ജറ്റാണിത്. ജനുവരി 17നാണ് നിയമസഭ ചേരുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആദ്യ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് ശേഷം 23ന് പിരിയുന്ന സഭ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനായി ഫെബ്രുവരി ഏഴിന് വീണ്ടും ചേരും. തുടർന്ന് മൂന്ന് ദിവസത്തെ പൊതുചർച്ചയ്ക്ക് ശേഷം 13ന് പിരിയും. മാർച്ച് 3ന് വീണ്ടും ചേർന്ന് സമ്പൂർണ്ണ ബഡ്ജറ്റ് പാസാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബഡ്ജറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |