#ഇന്ന് പാണക്കാട്ട് യോഗം
മലപ്പുറം: ലോക്‌സഭ, രാജ്യസഭ സീറ്റുകളിലേക്ക് മുതിർന്ന നേതാക്കൾക്കൊപ്പം യൂത്ത് ലീഗ് കൂടി അവകാശവാദം ഉന്നയിച്ചതോടെ മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയം കടുകട്ടി. സിറ്റിംഗ് എം.പിമാരെ തന്നെ മത്സരിപ്പിക്കാമെന്ന ധാരണയ്ക്കിടെ മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് കോൺഗ്രസ് മുന്നോട്ടു വച്ചതോടെ ചർച്ച വഴി മാറി.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നെന്ന സൂചനയ്ക്ക് പിന്നാലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷം കരുക്കൾ നീക്കി. രാജ്യസഭാ സീറ്റോ ,സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനമോ തങ്ങളെ അനുകൂലിക്കുന്നവർക്ക് നൽണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. പൊന്നാനിയിൽ മത്സരിക്കാൻ കെ.എം.ഷാജി താത്പര്യമറിയിച്ചത് ഈ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തൽ. പൊന്നാനിയിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബുവിനേയോ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനേയോ സ്ഥാനാർത്ഥിയാക്കി മലപ്പുറത്തും രാജ്യസഭയിലും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗും രംഗത്തുണ്ട്. ഇതു അംഗീകരിച്ചാൽ പി.എം.എ.സലാമിന് രാജ്യസഭാ സീറ്റ് നഷ്ടപ്പെടും. പൊന്നാനിയിലെ സിറ്റിംഗ് എം.പി.അബ്ദുസമദ് സമദാനിക്കാവും രാജ്യസഭ സീറ്റ് ലഭിച്ചേക്കുക. യൂത്ത് ലീഗ് മുന്നോട്ടുവയ്ക്കുന്നവർ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരാണെന്ന് ചൂണ്ടിക്കാട്ടിയും എതിർപക്ഷം രംഗത്തുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ലീഗ് നേതാക്കളെ കണ്ട് യുവാക്കൾക്ക് പ്രാധിനിദ്ധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെ പി.കെ.ഫിറോസും ഫൈസൽബാബുവും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ കണ്ട് ഇക്കാര്യം ഉന്നയിച്ചു.. മലപ്പുറത്ത് ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ സ്ഥാനാർത്ഥിയാക്കിയതും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇന്ന് പാണക്കാട് മുസ്ലിം ലീഗ് നേതൃയോഗം ചേർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിരിക്കെ , ഇന്നലെ പാണക്കാട് സാദിഖലി തങ്ങളുമായി വസതിയിൽ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ചർച്ച നടത്തി. കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിലെ ഉപാധികൾ സാദിഖലി തങ്ങളെ ധരിപ്പിക്കാനാണ് സന്ദർശനമെന്നാണ് ഇരുവരും പറയുന്നതെങ്കിലും തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിക്കാനുള്ള കരുനീക്കമായാണ് എതിപക്ഷം കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |