മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഉയർത്തിവിട്ട വിവാദക്കൊടുങ്കാറ്റിൽ സമസ്ത - ലീഗ് ബന്ധം വീണ്ടും ഉലയുകയാണ്. ഖാസിയാകാൻ സാദിഖലി തങ്ങൾക്ക് യോഗ്യതയില്ലെന്നും, മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതരാകണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നുമുള്ള ഉമർ ഫൈസിയുടെ പരസ്യ അവഹേളനമാണ് പുതിയ പോരിനു തുടക്കമിട്ടത്.
പാണക്കാട് തങ്ങന്മാർ ഖാസിമാരായ മഹല്ലുകളെ ഒരുകുടക്കീഴിൽ സംഘടിപ്പിക്കാൻ തുടക്കമിട്ട ഖാസി ഫൗണ്ടേഷനെ ചൂണ്ടിക്കാട്ടിയാണ് ഉമർ ഫൈസിയുടെ വിമർശനമെങ്കിലും, യഥാർത്ഥ കാരണം സാദിഖലി തങ്ങൾ ചെയർമാനായ കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസുമായി (സി.ഐ.സി) ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യക്തം. ഇക്കാര്യത്തിൽ സമസ്ത നേതൃത്വം അടക്കിപ്പിടിച്ച അതൃപ്തി ഉമർ ഫൈസി മറ്റൊരു വിഷയത്തിലൂടെ പരസ്യമാക്കിയെന്നു മാത്രം. സമസ്തയുടെ കടുത്ത എതിർപ്പിനെ തുടർന്ന് സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരിയെ അടുത്തിടെ വീണ്ടും നിയമിച്ച സാദിഖലി തങ്ങളുടെ നടപടിയാണ് സമസ്തയെ ചൊടിപ്പിച്ചത്. സി.ഐ.സി പ്രശ്നം ശാശ്വതമായി പരിഹരിക്കാതെ സമസ്ത - ലീഗ് പോര് അവസാനിക്കില്ല.
എന്താണ് സി.ഐ.സി?
മത, ഭൗതിക വിദ്യാഭ്യാസങ്ങൾ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നതിന് 2002-ലാണ് സി.ഐ.സിക്ക് മർക്കസ് ആസ്ഥാനത്ത് രൂപമേകിയത്. വാഫി, വഫിയ്യ എന്നിങ്ങനെ കോഴ്സുകളും നടപ്പാക്കി. വഫിയ്യ സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ളതാണ്. ആധുനിക വിദ്യാഭ്യാസത്തോടും അവസരങ്ങളോടും സംവദിക്കുന്ന സി.ഐ.സിയുടെ കരിക്കുലത്തെ സമസ്തയ്ക്കു കീഴിലെ വിവിധ സ്ഥാപനങ്ങൾ വളരെ പെട്ടെന്ന് സ്വീകരിച്ചു; പ്രത്യേകിച്ച് വനിതാ കോളേജുകൾ.
നൂറോളം സ്ഥാപനങ്ങൾ സി.ഐ.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സി.ഐ.സിയുടെ തുടക്കം മുതൽ ഹക്കീം ഫൈസി കൂടെയുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ആദ്യ ചെയർമാൻ. രൂപീകരണനാൾ മുതൽ പാണക്കാട് തങ്ങൾ കുടുംബവും ലീഗിനോട് അടുത്തുനിൽക്കുന്ന സമസ്ത നേതാക്കളുമാണ് ഇതിന്റെ തലപ്പത്ത്. മതവിദ്യാഭ്യാസത്തിന്റെ കടിഞ്ഞാൺ സമസ്തയിൽ ഒതുക്കാതെ സി.ഐ.സിയിലൂടെ ലീഗിന്റെ കൈകളിൽക്കൂടി എത്തിച്ചതിന്റെ ബുദ്ധികേന്ദ്രമാണ് ഹക്കീം ഫൈസി.
സലഫി ആശയധാരയെ ഹക്കീം ഫൈസി പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സമസ്ത ഉന്നയിക്കുന്ന പ്രധാന ആരോപണം. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സി.ഐ.സി കൊണ്ടുവന്ന ചില മാർഗനിർദ്ദേശങ്ങൾ ഇതിന് അവസരവുമാക്കി. സി.ഐ.സിക്കു കീഴിലെ കോളേജുകളിൽ അഞ്ചുവർഷത്തെ വഫിയ്യ കോഴ്‌സിനു ചേർന്നാൽ അതു തീരുംവരെ വിവാഹം പാടില്ലെന്ന നിബന്ധന സമസ്തയെ ചൊടിപ്പിച്ചു. 20 വയസ് കഴിയുമ്പോഴേ പെൺകുട്ടികളുടെ വിവാഹം നടത്താൻ പറ്റൂ. കോഴ്സിനിടെ വിവാഹം നടന്നാൽ തുടർപഠനം മുടങ്ങിയേക്കും എന്നതുകൊണ്ട് ഇത് ഒഴിവാക്കാനായിരുന്നു സി.ഐ.സിയുടെ ഈ നിർദ്ദേശം.
ചർച്ചകളുടെ തുടർക്കഥ
പുറത്താക്കിയ ശേഷവും സി.ഐ.സിയുടെ പരിപാടികളിൽ ഹക്കീം ഫൈസിയുടെ സജീവ സാന്നിദ്ധ്യം സമസ്തയെ ചൊടിപ്പിച്ചിരുന്നു. ഹക്കീം ഫൈസിയുടെ ഇടപെടലുണ്ടാവുന്ന സംവിധാനങ്ങളുമായി സഹകരിക്കില്ലെന്ന് സമസ്ത പരസ്യ നിലപാടെടുത്തു. ഭിന്നത രൂക്ഷമായതോടെ പലതവണ ലീഗ് - സമസ്ത നേതാക്കൾ തമ്മിൽ അനുരഞ്ജന ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. ഗൾഫിലെ പ്രധാന വ്യവസായി ഇടനിലക്കാരനായി കോഴിക്കോട്ടാണ് ഏറ്റവും ഒടുവിലത്തെ ചർച്ച നടന്നത്. രഞ്ജിപ്പിലേക്ക് കാര്യങ്ങളെത്തുമെന്ന പ്രതീതി ഇരുസംഘടനകളുടെയും നേതാക്കൾ നൽകി. തുടർചർച്ച നടക്കാനിരിക്കെയാണ് സി.ഐ.സി ജനറൽ സെക്രട്ടറിയായി ഹക്കീം ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തത്.
വിവാദം ഭയന്ന് തീരുമാനം ഒരുമാസത്തോളം ലീഗ് നേതൃത്വം പുറത്തുവിട്ടിരുന്നില്ല. പിന്നീട് സമസ്ത നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് നിയമിച്ചതെന്ന് അവകാശപ്പെട്ട് സി.ഐ.സി പ്രസ്താവനയിറക്കി. ഇത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി സമസ്ത മുശാവറ രംഗത്തെത്തി. തൊട്ടുപിന്നാലെ സാദിഖലി തങ്ങൾ സി.ഐ.സി ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് സമസ്തയുടെ ആശയാദർശങ്ങൾ പാലിച്ചു മാത്രമേ സി.ഐ.സി മുന്നോട്ടുപോകൂ എന്നു പ്രഖ്യാപിച്ചു. ഈ അനുനയത്തിൽ വീഴാതിരുന്ന സമസ്ത, സംഘടനാപരമായ നിർദ്ദേശങ്ങൾ അനുസരിച്ചേ സി.ഐ.സി മുന്നോട്ടുപോകൂ എന്ന തരത്തിൽ ബൈലോ മാറ്റണണെന്ന നിബന്ധന മുന്നോട്ടുവച്ചു. കടിഞ്ഞാൺ സമസ്തയുടെ കൈവശം കൊണ്ടുവരികയാണ് ലക്ഷ്യം. ഇത് അംഗീകരിക്കാൻ ലീഗും സി.ഐ.സിയും തയ്യാറല്ല. ഇതു സംബന്ധിച്ച് ഉരുണ്ടുകൂടിയ കാർമേഘമാണ് സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയിൽ കലാശിച്ചത്.
ഭൂകമ്പത്തിന്റെ സാദ്ധ്യതകൾ
സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ പ്രസ്താവനയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടുണ്ട്. കടുത്ത നടപടിയെന്ന ആവശ്യം ലീഗ് ശക്തമാക്കിയതിനു പിന്നാലെ 40 അംഗ സമസ്ത മുശാവറയിലെ (ഉന്നത പണ്ഡിതസഭ) ഒമ്പതു പേർ ഉമർ ഫൈസിക്ക് പരസ്യ പിന്തുണയേകിയിട്ടുണ്ട്. സമസ്ത നേതൃത്വത്തിന്റെ പ്രസ്താവനയെ മുശാവറാംഗങ്ങൾ തന്നെ തള്ളിപ്പറയുകയെന്ന അത്യപൂർവ സാഹചര്യമുണ്ടായി. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോദ്ധ്യപ്പെടുത്തൽ പണ്ഡിതധർമ്മമാണെന്നും, പ്രഭാഷണങ്ങളെ വളച്ചൊടിക്കുന്നത് അംഗീകരിക്കാവില്ലെന്നും, പണ്ഡിതരെ പരിഹസിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വപ്പെട്ടവർ പോലും നിരന്തരം ശ്രമിക്കുന്നെന്നും ഇവർക്കെതിരെ നടപടിയില്ലെന്നും ഉമർ ഫൈസിയെ പിന്തുണയ്ക്കുന്ന മുശാവറാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സാദിഖലി തങ്ങൾക്കെതിരായ ആരോപണം ഉമർ ഫൈസി തിരുത്തിപ്പറഞ്ഞാൽ മതിയെന്നാണ് ലീഗ് - സമസ്ത ബന്ധം പൊട്ടിത്തെറിയിലേക്ക് പോകരുതെന്ന് ആഗ്രഹിക്കുന്ന ഇരുസംഘടനകളിലെയും മുതിർന്ന നേതാക്കളുടെ നിലപാട്. അതേസമയം, ഉമർ ഫൈസിക്കെതിരെ നടപടിയില്ലെങ്കിൽ സമസ്തയിലെ ലീഗ് വിരുദ്ധർക്ക് അത് കരുത്തേകുമെന്നും പാണക്കാട് കുടുംബത്തെ ആർക്കും പരസ്യമായി വിമർശിക്കാമെന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുമെന്നുമുള്ള അഭിപ്രായത്തിനാണ് ലീഗിൽ മുൻതൂക്കം. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉമർ ഫൈസിയുടെ വിവാദ പ്രസ്താവന സി.പി.എമ്മിനെ സഹായിക്കാനാണെന്ന വാദവും ലീഗ് ഉയർത്തുന്നു.
ഒന്നെങ്കിലുംരണ്ട്!
മുസ്‌ലിം സമുദായ സംഘടനകളിലെ ഏറ്റവും പ്രബലമായ ഇ.കെ. സുന്നി വിഭാഗം സമസ്ത ലീഗിന്റെ അടിയുറച്ച വോട്ടുബാങ്കായാണ് അറിയപ്പെടുന്നത്. 1989-ലെ പിളർപ്പിനു ശേഷം പ്രബല വിഭാഗമായി തുടരുന്നതും ഇ.കെ. സുന്നി വിഭാഗമാണ്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള എ.പി വിഭാഗം സുന്നികൾ പിളർപ്പിനു ശേഷം ഇടതുപക്ഷത്തേക്കു ചാഞ്ഞപ്പോൾ ഇ.കെ.സുന്നി നേതൃത്വവും അണികളും ലീഗിന് കരുത്തേകി നിന്നു. സമസ്തയിലെ പിളർപ്പിനു വഴിവച്ച കാരണങ്ങളിലൊന്ന് ലീഗുമായി സമസ്തയ്ക്കുള്ള അഭേദ്യബന്ധം കൂടിയായിരുന്നു. ഫലത്തിൽ ഇ.കെ. സുന്നികളുടെ രാഷ്ട്രീയരൂപം കൂടിയായി മാറി, മുസ്‌ലിം ലീഗ്. സമസ്ത നേതൃത്വവും പാണക്കാട് കുടുംബവും തമ്മിൽ പുലർത്തിയ ഹൃദയബന്ധം ഇരുസംഘടനകളും തമ്മിൽ വിടവുകളില്ലാതാക്കി. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളിൽ സമസ്തയും രാഷ്ട്രീയത്തിൽ ലീഗും അഭിപ്രായം പറയുകയെന്ന അലിഖിത നിയമം പോലും ഇരുകൂട്ടർക്കും ഇടയിലുണ്ടായിരുന്നു.
സംസ്ഥാന സർക്കാരിനു കീഴിലെ മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ ഉമർ ഫൈസി പ്രവർത്തിക്കുന്നുണ്ട്. വഖഫ് നിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സമസ്ത നേരിട്ടു നടത്തിയ ചർച്ചയുടെ മുഖ്യകണ്ണി ഉമർ ഫൈസിയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം കോഴിക്കോട്ട് നടത്തിയ ബഹുജന സമ്മേളനത്തിൽ സമസ്തയിൽ നിന്ന് പങ്കെടുത്ത ഏക അംഗവും ഉമർ ഫൈസി തന്നെ. ഈ പശ്ചാത്തലങ്ങൾ ചൂണ്ടിക്കാട്ടി, ലീഗ് വിരുദ്ധതയെ സമസ്തയിലെ ഒരുവിഭാഗം നേതാക്കൾ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം ലീഗ് ശക്തമാക്കിയാൽ സമസ്ത നേതൃത്വം പ്രതിസന്ധിയിലാവും. താഴെതട്ടിലെ പ്രവർത്തകർക്കിടയിലാവും ഇതിന്റെ അലയൊലികൾ കൂടുതൽ സൃഷ്ടിക്കപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |