
കണ്ണൂർ: കള്ളക്കേസിൽ കുടുക്കി ജീവിതം ഇരുട്ടിലാക്കിയ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുതന്നെ ഹൈക്കോടതി വിധിച്ച 14 ലക്ഷം നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് താജുദ്ദീൻ. ഇക്കാര്യം ആവശ്യപ്പെട്ട് തലശ്ശേരി സിവിൽ കോടതിയിൽ ഹർജി നൽകും.
2018ൽ മകളുടെ വിവാഹത്തിന് ഖത്തറിൽ നിന്ന് നാട്ടിലെത്തിയപ്പോഴാണ് കണ്ണൂർ തലശ്ശേരി സ്വദേശി വി.കെ.താജുദ്ദീനെ (50) ചക്കരക്കൽ എസ്.ഐ ആയിരുന്ന ബിജുവും സംഘവും മാല പൊട്ടിക്കൽ കേസിൽ പ്രതിയാക്കി അറസ്റ്രുചെയ്തത്. സാമ്പത്തികമായും ആരോഗ്യപരമായും തകർന്ന ഇദ്ദേഹത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എട്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരത്തിന് സിവിൽ കോടതിയെ സമീപിക്കാമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
നിലവിൽ ബംഗളൂരുവിൽ താമസിക്കുന്ന താജുദ്ദീൻ, മകന്റെ ലോൺട്രി ഷോപ്പ് നടത്തിവരികയാണ്. ഭാര്യയും ഇളയ മകനും കതിരൂറിലെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. സ്ട്രോക്കിനുശേഷം താജുദ്ദീന് ഓർമ്മക്കുറവും സംസാരിക്കാൻ പ്രയാസവുമുണ്ട്. പ്രമേഹത്തെത്തുടർന്ന് കാൽവിരലും മുറിച്ചുമാറ്റിയിരുന്നു.
'ദി സ്റ്റോളൻ നെക്ക്ലേസ് "
സംഭവത്തിനുശേഷം തന്റെ ജീവിതകഥ ദ സ്റ്റോളൻ നെക്ക്ലേസ് എന്ന പേരിൽ താജുദ്ദീൻ പുസ്തകമാക്കിയിരുന്നു. കേസിന്റെ വിചാരണയിൽ പുസ്തകവും കോടതി പരിഗണിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിൽ ഈ പുസ്തകം വലിയ പങ്കു വഹിച്ചെന്ന് താജുദ്ദീൻ പറഞ്ഞു. ഷെവ്‌ലിൻ സെബാസ്റ്റ്യനാണ് പുസ്തകം തയ്യാറാക്കിയത്.
ജീവിതം മാറ്റിമറിച്ച ജൂൺ 25
2018 ജൂൺ 25നാണ് താജുദ്ദീൻ നാട്ടിലെത്തിയത്. ജൂലായ് എട്ടിനായിരുന്നു മകളുടെ വിവാഹം. 11ന് പുലർച്ചെ സഹോദരിയുടെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് മോഷണക്കുറ്റം ആരോപിച്ച് ചക്കരക്കൽ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഈ കേസിൽ 54 ദിവസം ജയിലിൽ കിടന്നു. പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചശേഷം ഖത്തറിലെത്തിയെങ്കിലും യഥാസമയം തിരിച്ചെത്താത്തതിനാൽ 23 ദിവസം അവിടെ ജയിലിലായി. കോടതിയിൽ നിരപരാധിത്വം തെളിയിച്ചെങ്കിലും നാലുകോടിയുടെ നഷ്ടമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |