
കമ്പാല: പരസ്യമായി ചുംബിച്ചതിനെ തുടർന്ന് സ്വവർഗാനുരാഗികളായ യുവതികളെ ഉഗാണ്ട പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 18ന് ഉഗാണ്ടയിലെ വടക്കുപടിഞ്ഞാറൻ നഗരമായ അരുവയിൽ നിന്നാണ് യുവതികളെ പിടികൂടിയത്. യുവതികൾ പലപ്പോഴായി ചുംബിക്കുകയും സ്വവർഗ പ്രവർത്തനങ്ങളിലേർപ്പെടാറുണ്ടെന്നുമാണ് അയൽവാസികൾ പൊലീസിനെ അറിയിച്ചത്. രാജ്യത്ത് 2023ൽ നടപ്പിലാക്കിയ എൽജിബിടിക്യു വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ സംഭവമാണിത്.
നിലവിൽ യുവതികളെ പൊലീസ് ബോണ്ടിൽ വിട്ടയച്ചിട്ടുണ്ടെന്നും ഏത് നിമിഷവും കടുത്ത ശിക്ഷാനടപടികൾ ഇവർക്ക് നേരിടേണ്ടി വന്നേക്കാമെന്നുമാണ് അധികൃതർ അറിയിച്ചത്. ലോകത്തെ തന്നെ ഏറ്റവും കടുത്ത സ്വവർഗാനുരാഗ വിരുദ്ധ നിയമങ്ങൾ നിലവിലുള്ള രാജ്യങ്ങളിലൊന്നാണ് ഉഗാണ്ട. രാജ്യത്ത് നടപ്പിലാക്കിയ സ്വവർഗാനുരാഗ വിരുദ്ധ നിയമം ആഗോളതലത്തിൽ വലിയ ചർച്ചയായിരുന്നു. സ്വവർഗാനുരാഗികൾക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ കടുത്ത നിയമം.
പ്രത്യേകിച്ച് കുട്ടികളുമായോ എച്ച്ഐവി ബാധിതരുമായോ ഉള്ള ലൈംഗിക ബന്ധങ്ങളെ 'അഗ്രവേറ്റഡ് ഹോമോസെക്ഷ്വാലിറ്റി' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കടുത്ത ശിക്ഷ നൽകുന്നത്. കുട്ടികളെ സംരക്ഷിക്കാനാണ് ഇത്തരം നിയമങ്ങൾ എന്നാണ് അധികൃതരുടെ വാദം. എന്നാൽ ഈ നിയമം വന്നതോടെ രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾ വലിയ പേടിയിലാണെന്നും, ഭീഷണികളും ഉപദ്രവങ്ങളും വർദ്ധിച്ചിരിക്കുകയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളിലും സ്വവർഗാനുരാഗം ഇന്നും ക്രിമിനൽ കുറ്റമാണ്. ഉഗാണ്ടയിൽ പുതിയ നിയമം കൂടാതെ, കൊളോണിയൽ കാലത്തെ പ്രകൃതിവിരുദ്ധ നിയമങ്ങളും നിലനിൽക്കുന്നുണ്ട്. സെനഗൽ ഉൾപ്പെടെയുള്ള മറ്റ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളും ഇത്തരം കർശന നിയമങ്ങൾ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്. പ്രണയത്തിന്റെ പേരിൽ ഭരണകൂടം വേട്ടയാടുന്ന ഈ അവസ്ഥ വലിയ മനുഷ്യാവകാശ ലംഘനമാണെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |